ദോഹ: ഖത്തറില്‍ വേതന സംരക്ഷണ നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് തടയിടാന്‍ പുതിയ നിബന്ധനകളുമായി തൊഴില്‍ മന്ത്രാലയം നടപടികള്‍ തുടങ്ങി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്ക് നീക്കണമെങ്കില്‍ ജീവനക്കാരുടെ വേതനം മുന്‍കൂറായി കെട്ടിവെക്കണമെന്നാണ് പുതിയ നിര്‍ദേശം. രാജ്യത്തെ 90 ശതമാനം സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്ന കാര്യത്തില്‍ കൃത്യത പാലിക്കുന്നുണ്ടെങ്കിലും ചുരുക്കം ചില കമ്പനികള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയം നടപടികള്‍ ശക്തമാക്കിയത്.

വന്‍കിട, മധ്യനിര കമ്പനികളെല്ലാം വേതന സുരക്ഷാ നിയമത്തിനു കീഴില്‍ വന്നിട്ടുണ്ടെങ്കിലും നിയമലംഘനം നടത്തുന്ന ഒരു സ്ഥാപനത്തിനും ഇളവ് നല്‍കേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം.ഇക്കാര്യത്തില്‍ ഇനി യാതൊരുവിധ സാവകാശവും അനുവദിക്കുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിലെ തൊഴില്‍ നിയമമനുസരിച്ചു ജീവനക്കാര്‍ക്ക് കൃത്യ സമയത്തു വേതനം നല്‍കാന്‍ സ്ഥാപന ഉടമകള്‍ ബാധ്യസ്ഥരാണ് പുതുതായി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും, പുതിയ ജീവനക്കാരുടെ കാര്യത്തിലും അല്‍പം സാവകാശം ലഭിക്കുമെങ്കിലും അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും വേതന സുരക്ഷാ സംവിധാനത്തിന് കീഴില്‍ വന്നില്ലെങ്കില്‍ നിയമ ലംഘനമായി പരിഗണിക്കപ്പെടും.

ജീവനക്കാര്‍ക്ക് വേതനം സമയത്തു നല്‍കാത്ത സ്ഥാപനങ്ങളില്‍ കാരണം തേടല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സജീവമായി പ്രവര്‍ത്തിക്കാത്തതടക്കം 10000ല്‍ താഴെ സ്ഥാപനങ്ങളാണ് വേതന സംരക്ഷണ നിയമം പൂര്‍ണ്ണമായും നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുള്ളത്. വേതന സുരക്ഷാ സംവിധാനം തൊഴില്‍ മന്ത്രാലയത്തിന്റെ വെബ് സൈറ്റുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത് എന്നതിനാല്‍ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മന്ത്രാലയത്തിന് ലഭിക്കും. ഇതിനു പുറമെ ബാങ്കുകളുടെ എ ടി എം മെഷീനുകളില്‍ ഇംഗ്ലീഷിനും അറബിക്കിനും പുറമെ ഏതാനും വിദേശ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താനും ആലോചന നടക്കുന്നുണ്ട്.

എടിഎമ്മുകള്‍ ഉപയോഗിക്കുന്നതില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം മാസത്തിന്റെ തുടക്കത്തില്‍ എടിഎമ്മുകള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാവാക്കാനുള്ള സംവിധാനത്തെ കുറിച്ചും ആലോചിച്ചു വരികയാണെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.