ദോഹ: ഖത്തറില്‍ മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി ഇന്നവസാനിച്ചെങ്കിലും അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടാന്‍  ഡിസംബര്‍ പതിമൂന്നുവരെ സാവകാശം ലഭിച്ചേക്കും. ഇനിയും നിരവധിപേരുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് സമയം നീട്ടി നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഇന്നലെ രാവിലെ മുതല്‍ നിരവധി പേരാണ് സേര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തെ സമീപിച്ചത്. ഏതാണ്ട് പതിനായിരത്തോളം പേര്‍ ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയെന്നാണ് കണക്കാക്കുന്നതെങ്കിലും ഇനിയും നിരവധി ആളുകള്‍ രാജ്യത്ത് അവശേഷിക്കുന്നതായാണ് സൂചന. ഒളിച്ചോടിപ്പോയവരുടെ സ്‌പോണ്‍സര്‍മാരും സ്ഥാപനങ്ങളും പോലീസിനെ ഏല്‍പിച്ച പാസ്‌പോര്‍ട്ട് ഉടമകളില്‍ വലിയൊരു വിഭാഗം ഇനിയും സേര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാലാവധി അവസാനിക്കുന്നതിന്റെ അവസാന നാളുകളില്‍ പൊതുമാപ്പിന്റെ ഇളവ് തേടിയെത്തിയവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയക്കാന്‍ സമയമെടുക്കുന്നതിനാലാണ് രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നത്. ഔട്ട്പാസ് ഉള്‍പെടെയുള്ള യാത്രാ രേഖകള്‍ ശരിയാക്കുന്നതില്‍ അതാത് എംബസികളിലും പോലീസ് വിഭാഗത്തിലും നിലവില്‍ കാലതാമസം നേരിടുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ്  ഇത്തരക്കാര്‍ക്ക് ഡിസംബര്‍ 13 വരെ സമയം അനുവദിക്കുന്നതെന്നാണ് സൂചന.

കാലാവധി അവസാനിച്ചെങ്കിലും ഇനിയും നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത അനധികൃത താമസക്കാര്‍ക്ക്  അടുത്ത പ്രവര്‍ത്തി ദിവസം മുതല്‍ തന്നെ സെര്‍ച് ആന്‍ഡ് ഫോളോ അപ് വിഭാഗത്തെ സമീപിച്ചാല്‍ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കും. ഡിസംബര്‍ പതിമൂന്നിന് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിക്കാനിരിക്കെ അനധികൃത താമസക്കാരെ പൂര്‍ണമായും ഒഴിവാക്കാനുള്ള അവസാന ശ്രമം എന്ന നിലക്കാണ് സര്‍ക്കാര്‍ ഈ ആനുകൂല്യം അനുവദിച്ചത്.