ദോഹ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ ഇന്റര്‍നെറ്റ് വഴി ജനങ്ങളെ വലയിലാക്കുന്നതെന്നും ഇത്തരം സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാല്‍ അധികൃതരെ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഫേസ് ബുക് പേജിലൂടെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഇമെയില്‍, വാട്ട്‌സ് ആപ്പ്, സാധാരണ മൊബൈല്‍ സന്ദേശങ്ങള്‍, എന്നിവ വഴിയോ ഫോണില്‍ നേരിട്ട് വിളിച്ചോ ആണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ജനങ്ങളെ വലയിലാക്കുന്നത്. വന്‍ തുകയുടെ സമ്മാനത്തിന് അര്‍ഹമായെന്ന വ്യാജ സന്ദേശം നല്‍കി പണം കൈമാറാനുള്ള വ്യക്തിഗത വിവരങ്ങളായിരിക്കും തുടക്കത്തില്‍ ആവശ്യപ്പെടുക. വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വന്‍ തുക കൈവശമുണ്ടെന്നും വിനിമയം ചെയ്യാന്‍ സഹായിച്ചാല്‍ നിശ്ചിത തുക പ്രതിഫലമായി തരാമെന്നും അറിയിച്ചു കൊണ്ടും സന്ദേശങ്ങള്‍ ലഭിക്കും. പ്രലോഭനത്തില്‍ വീണുവെന്ന് ഉറപ്പായാല്‍ ഫീസ് ഇനത്തില്‍ ചെറിയൊരു തുക നിശ്ചിത ബാങ്ക് അകൗണ്ടിലേക്ക് മണി എക്‌സ്‌ചേഞ്ച് വഴി അയക്കാന്‍ ആവശ്യപ്പെടുന്നതാണ് അടുത്ത ഘട്ടം. വലിയ തുക പ്രതീക്ഷിച്ചു പണമയക്കാന്‍ തയാറാകുന്നവരാണ് പലപ്പോഴും ചതിയില്‍ പെടുന്നത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഉടന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായുള്ളഅന്വേഷണ കേന്ദ്രത്തിന് കൈമാറണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. 2347444 എന്ന നമ്പറിലോ 66815757എന്ന ഹോട് ലൈന്‍ നമ്പറിലോ ആണ് വിവരം അറിയിക്കേണ്ടത്. cccc@moi.gov.qa. എന്ന ഇമെയില്‍ വഴിയും വിവരം അറിയിക്കാം. ഖത്തര്‍ ആഭ്യന്തര വകുപ്പിന്റെ മെട്രാഷ് സി ഐ ഡി സേവനങള്‍ക്കുള്ള ആപ്ലിക്കേഷന്‍ വഴിയും ഇത് സംബന്ധിച്ച വിവരങ്ങളും പരാതികളും നല്‍കാവുന്നതാണ്.