Asianet News MalayalamAsianet News Malayalam

ഒരേ മേഖലയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികൾക്കിടയിൽ തൊഴിൽ മാറ്റം അനുവദിക്കില്ലെന്ന് ഖത്തര്‍

Qatars Cabinet approves draft law to protect domestic workers
Author
Doha, First Published Feb 20, 2017, 6:44 PM IST

ദോഹ: ഖത്തറിൽ ഒരേ മേഖലയിൽ പരസ്പരം മത്സരിക്കുന്ന കമ്പനികൾക്കിടയിൽ തൊഴിൽ മാറ്റം അനുവദിക്കില്ലെന്ന് തൊഴിൽ സാമൂഹ്യ മന്ത്രാലയം അറിയിച്ചു. കരാർ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്ക് രണ്ടു വർഷത്തെ യാത്രാവിലക്കില്ലാതെ ജോലി മാറാൻ കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ നേരത്തെ ജോലി ചെയ്തിരുന്ന കമ്പനിയുമായി എല്ലാ തരത്തിലും മത്സരിക്കുന്ന സ്ഥാപനത്തിലേക്കാണ് തൊഴിലാളി മാറുന്നതെങ്കിൽ അത് തടയാൻ ആദ്യ തൊഴിലുടമക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു സ്ഥാപനത്തിൽ നിന്നും തൊഴിൽ മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വിദേശ തൊഴിലാളിക്ക് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തുന്ന സുപ്രധാന നിബന്ധനയാണ് സർക്കാർ ഈയിടെ നീക്കം ചെയ്തത്. ഒരേ സ്ഥാപനത്തിൽ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് ഭേദഗതികളോടെയുള്ള പുതിയ താമസ - കുടിയേറ്റ നിയമം ആശ്വാസമായി. അതേസമയം തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതോടൊപ്പം തൊഴിലുടമകളുടെ ന്യായമായ ആവശ്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് തൊഴിൽ സാമൂഹ്യ മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കിയത്.

ഇതനുസരിച്ചു പരസ്പരം മത്സരിക്കുന്ന രണ്ടു കമ്പനികൾക്കിടയിൽ തൊഴിലാളികളുടെ  തൊഴിൽ മാറ്റം തടയുന്നതിനുള്ള വ്യവസ്ഥയും ഭേദഗതികളോടെയുള്ള നിയമത്തിൽ ഉൾപെടുത്തിയിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾ പ്രതിബന്ധ നിയന്ത്രണ ചട്ടത്തിലെ വ്യവസ്ഥകൾ തൊഴിൽ കരാറിന്റെ ഭാഗമാണെന്ന വിവരം തൊഴിലാളിയെ അറിയിക്കേണ്ടതുണ്ട്. ഈ വ്യവസ്ഥ തൊഴിലാളി അംഗീകരിച്ചാൽ മാത്രമേ പുതിയ കമ്പനിയുമായുള്ള തൊഴിൽ കരാറിൽ ഒപ്പു വെക്കാനാവൂ. ഇതംഗീകരിച്ചു കരാറിൽ ഒപ്പു വെക്കുന്ന തൊഴിലാളിക്ക് അതേ കമ്പനിയുമായി മത്സരിക്കുന്ന മറ്റൊരു സ്ഥാപനത്തിലേക്ക് പിന്നീട് തൊഴിൽ മാറാൻ അനുവാദമുണ്ടാവില്ല.

എന്നാൽ ആദ്യ കമ്പനിയുടെ എതിരാളികളല്ലാത്ത കമ്പനികളിലേക്ക് കരാർ കാലാവധിക്ക് ശേഷം ജോലി മാറാൻ തൊഴിലാളിയെ അനുവദിക്കും. തൊഴിൽ കരാർ അവസാനിക്കുന്നതിനു തൊട്ടുമുമ്പുള്ള മൂന്നു മാസമാണ് ജോലി മാറുന്നതിനുള്ള ഗ്രെസ് പിരീഡായി നിശ്ചയിച്ചിട്ടുള്ളത്. ഈ മൂന്നു മാസത്തിനുള്ളിൽ ജോലി മാറുന്നതിനുള്ള നടപടികളെല്ലാം തൊഴിലാളി പൂർത്തിയാക്കിയിരിക്കണമെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി. പ്രോജക്റ്റ് വിസകളിൽ ജോലി ചെയ്യുന്നവർക്കും നിശ്ചിത പദ്ധതി പൂർത്തിയായാൽ മറ്റൊരു ജോലിയിലേക്ക് മാറി രാജ്യത്തു തുടരാൻ  പുതിയ നിയമത്തിൽ അനുവാദം നൽകിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios