പ്ലേറ്റ് തീർന്നതിനെച്ചൊല്ലി തർക്കം ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക് 

ഉത്തർപ്രദേശ്: വിവാഹപാർട്ടിക്കിടയിൽ ഭക്ഷണം വിളമ്പുന്ന പ്ലേറ്റുകൾ സംബന്ധിച്ച തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ബാലിയ ​ജില്ലയിലെ വിക്രംപൂർ ​ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് നടന്ന വിവാഹ പാർട്ടിയിൽ ആദ്യമെത്തിയ അതിഥികൾക്ക് ഭക്ഷണം വിളമ്പി നൽകി. പിന്നീട് കുറച്ചു കഴിഞ്ഞപ്പോഴാണ് പ്ലേറ്റ് തീർന്നു പോയ വിവരം പാർട്ടി നടത്തിപ്പുകാർ അറിയുന്നത്. അതറിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാത്തവർ പ്രകോപിതരാകുകയും അത് പിന്നീട് കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. 

വാക്കുതർക്കം ശാരീരിക കയ്യേറ്റത്തിലേക്ക് എത്തിയപ്പോൾ കൂടുതൽ പേർ ഇരുപക്ഷത്തും ചേർന്നു. നാല് പേർക്ക് പരിക്കേൽക്കുകയും ഇരുപത് വയസ്സുള്ള വിശാൽ എന്നയാൾ കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് വിശാൽ മരിച്ചത്. പൊലീസ് കേസെടുത്ത് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.