ഗാന്ധിജിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 'വൈഷ്ണവ ജനതോ' എന്ന ഭജൻ 124 രാജ്യങ്ങളിലെ കലാകാരൻമാരെക്കൊണ്ട് പാടിച്ചാണ് കേന്ദ്രസർക്കാർ 150ാം ഗാന്ധിജയന്തിയ്ക്ക് ആഗോള മാനം നൽകിയത്. രാജ്യാന്തര ശുചിത്വ സമ്മേളനവും നടത്തി. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

മുംബൈ:രാഷ്ട്രപിതാവിന്‍റെ 150ാം ജന്മദിനത്തിൽ ഗാന്ധിയൻ ദർശനങ്ങളുടെ പിന്തുടർച്ചാവകാശത്തെച്ചൊല്ലി കോൺഗ്രസിന്‍റെയും ബിജെപിയുടെയും മത്സരം. 'സ്വച്ഛ് ഭാരത് യജ്ഞമടക്കമുള്ള കേന്ദ്രസർക്കാർ പദ്ധതികൾക്ക് കാരണം ഗാന്ധിയൻ ദർശനത്തിന്‍റെ സ്വാധീനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. മോദി സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് വാർധാ ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഗാന്ധി ജയന്തി ആചരണം. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിയ്ക്കേ, ചരിത്രത്തിന്‍റെ പിന്തുടർച്ചാവകാശം തേടിയാണ് കോൺഗ്രസ് - ബിജെപി വാക്പോര്.

ഗാന്ധിജിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട 'വൈഷ്ണവ ജനതോ' എന്ന ഭജൻ 124 രാജ്യങ്ങളിലെ കലാകാരൻമാരെക്കൊണ്ട് പാടിച്ചാണ് കേന്ദ്രസർക്കാർ 150ാം ഗാന്ധിജയന്തി ആചരിച്ചത്. രാജ്യാന്തര ശുചിത്വ സമ്മേളനവും നടത്തി. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്വച്ഛഭാരതവാർഷികത്തിൽ ശുചിത്വ ഇന്ത്യയെന്ന സ്വപ്നം പൂവണിയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. എന്നാൽ രാഹുൽഗാന്ധിയും കൂട്ടരും ഗാന്ധിജിയുടെ ജനനത്തിന്‍റെ ഒന്നരനൂറ്റാണ്ട് ആഘോഷിച്ചത് വാർധാ ആശ്രമത്തിലാണ്. 'ഗാന്ധിഗിരി' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ആശ്രമത്തിലെ പാത്രങ്ങൾ സോണിയയും രാഹുലും കഴുകി. രാഷ്ട്രീയനേട്ടത്തിനായാണ് ഗാന്ധിജിയുടെ പേര് അധികാരത്തിലുള്ളവർ ഉപയോഗിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഭയത്തിന്‍റെയും ഭീഷണിയുടെയും കള്ളത്തിന്‍റെയും രാഷ്ട്രീയത്തെ തോൽപിയ്ക്കും വരെ പോരാടണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

Scroll to load tweet…