സുരക്ഷാ അകമ്പടിയില്ലാതെയാണ് ഇരുവരും ഗോവ ചുറ്റിക്കറങ്ങാനായെത്തിയത്. മൂന്ന് ദിവസത്തെ ഗോവൻ യാത്രയ്ക്കാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. 

പനാജി: ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും. ഗോവൻ രീതിയിലുള്ള കടല്‍ വിഭവങ്ങൾ ലഭിക്കുന്ന വോർഫ് റസ്റ്റോറന്റിലാണ് ഞായറാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി ഇരുവരും എത്തിയത്.

നീല ടീ ഷർ‌ട്ടും ധരിച്ച് ഹോട്ടലിലെ മറ്റ് അതിഥികൾക്കൊപ്പമുള്ള രാഹുലിന്‍റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ അകമ്പടിയില്ലാതെയാണ് ഇരുവരും ഗോവ ചുറ്റിക്കറങ്ങാനായെത്തിയത്. മൂന്ന് ദിവസത്തെ ഗോവൻ യാത്രയ്ക്കാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. 

രാഹുലും സോണിയയും സ്വകാര്യ സന്ദർശനമാണ് ഗോവയിൽ നടത്തിയതെന്ന് ഗോവയിലെ കോൺഗ്രസ് വക്താവ് അറിയിച്ചു. ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല സന്ദർശനം. തെക്കൻ ഗോവയിലെ പഞ്ച നക്ഷത്ര റിസോർട്ടിലാണ് രാഹുലിന് താമസസൗകര്യം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

View post on Instagram

അതേസമയം, കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധിയുടെ സഹോദരിയും സോണിയ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധി ഫെബ്രുവരി 4ന് ചുമതലയേൽക്കും. ലഖ്നൗവിലെത്തി കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയ ശേഷമാകും പ്രിയങ്ക ചുമതലയേൽക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ് പൂരും ഉൾപ്പടെയുള്ള 40 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക്.