ജെയ്റ്റ്ലിക്കെതിരെ അന്വേഷണം വേണമെന്നും സത്യം തെളിഞ്ഞാല്‍ അദ്ദേഹം രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കടന്നാക്രമണം

ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മെഹുല്‍ ചോക്സിയുമായി ജയ്റ്റ്‍ലിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. മുന്‍കാല ഇടപാടുകള്‍ ചൂണ്ടികാട്ടിയാണ് രാഹുലിന്‍റെ കടന്നാക്രമണം.

ജെയ്റ്റ്ലിയുടെ മകളുടെ ബാങ്കിലായിരുന്നു ചോക്സി പണം നിക്ഷേപിച്ചിരുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. ജയ്റ്റ്‍ലിയുടെ കുടുംബത്തിന്‍റെ പേരിലുള്ള നിയമ സ്ഥാപനവും ചോക്സിയെ സഹായിച്ചതായി അദ്ദേഹം ചൂണ്ടികാട്ടി. 2017 ഡിസംബറിലായിരുന്നു ഇതെന്നും രാഹുല്‍ പറഞ്ഞു. ജയ്റ്റ്‍ലി, മകൾ സോണാലി ജയ്റ്റ്‍ലി, മരുമകൻ ജയേഷ് ബക്ഷി എന്നിവരുടെ പേരിലുള്ള നിയമ സ്ഥാപനം 24 ലക്ഷം രൂപ കൈപറ്റിയെന്നും ആരോപിച്ചു.

ജെയ്റ്റ്ലിക്കെതിരെ അന്വേഷണം വേണമെന്നും സത്യം തെളിഞ്ഞാല്‍ അദ്ദേഹം രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ കടന്നാക്രമണം.