പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ ചങ്ങാതി ആയാൽ ഒന്നേകാൽ കേടി രൂപയ്ക്ക് നിങ്ങൾക്ക് മുൻപരിചയം ഇല്ലാതെ തന്നെ റഫാൽ കരാറിൽ അംഗമാകാനാകും. മാത്രമല്ല ജമ്മു കശ്മീരിലെ നാല് ലക്ഷത്തോളം ജീവനക്കാരാണ് നിങ്ങളുടെ കമ്പനിയിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. 

ദില്ലി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്കും അനില്‍ അംബാനിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1.3 കോടി കൊണ്ട് ആരാണോ കരാറില്‍ പങ്കുകൊണ്ടത് അയാളാണ് മോദിയുടെ 'ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍' (എക്കാലത്തെയും ഉറ്റ ചങ്ങാതി) എന്ന് രാഹുല്‍ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ ചങ്ങാതി ആയാൽ ഒന്നേകാൽ കേടി രൂപയ്ക്ക് നിങ്ങൾക്ക് മുൻപരിചയം ഇല്ലാതെ തന്നെ റഫാൽ കരാറിൽ അംഗമാകാനാകും. മാത്രമല്ല ജമ്മു കശ്മീരിലെ നാല് ലക്ഷത്തോളം ജീവനക്കാരാണ് നിങ്ങളുടെ കമ്പനിയിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. കശ്മീരിലെ വിരമിച്ചവരും അല്ലാത്തവരുമായ സർക്കാർ ജീവനക്കാർക്കും മാധ്യപ്രവർത്തകർക്കും അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുക്കാന്‍ കാശ്മീർ സർക്കാർ തീരുമാനിച്ചുവെന്ന് വാർത്തകൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

അതേ സമയം, റഫാൽ കരാറുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരേപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അനില്‍ അംബാനിയുടെ വാദം. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് തങ്ങളെ കരാറിൽ പങ്കാളിയാക്കിയതിൽ കേന്ദ്ര സർക്കാറിന് യാതൊരു വിധ പങ്കുമില്ലെന്ന് അനിൽ അംബാനി വ്യക്തമാക്കി. റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം സർക്കാർ പങ്കാളിയാക്കാൻ നിർദേശിച്ചത് അംബാനിയുടെ റിലയൻസ് കമ്പനിയെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദ് വെളിപ്പെടുത്തിയിരുന്നു.