വിമാന അട്ടിമറി ആരോപണം സാങ്കേതിക പ്രശ്നമുണ്ടായെന്ന് വ്യോമയാന മന്ത്രാലയം അസാധാരണമല്ലെന്ന് ഡിജിസിഎ പൈലറ്റിന് എതിരെ കേസ് ആരോപണം നിഷേധിച്ച് ബിജെപി

ദില്ലി: രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം. ബ്ലാക്ക് ബോക്സ് പരിശോധിച്ച ശേഷമേ സാങ്കേതിക തകരാറിന്‍റെ കാരണം വ്യക്തമാകൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. മൂന്ന് മിനിറ്റ് 37 സെക്കന്‍റ് നേരമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്ന് ബെഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘം ഹുബ്ബള്ളിയിലെത്തി പരിശോധന നടത്തും.

എസ്പിജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയുടെ ആകാശ യാത്ര നടത്തിയത് സാങ്കേതിക തകരാറുള്ള വിമാനത്തില്‍ എന്നാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പകുതി പ്രവര്‍ത്തനക്ഷമമല്ലാത്ത റഡാറും ഓട്ടോ പൈലറ്റ് മോഡ് പ്രവര്‍ത്തിക്കാത്ത വിമാനത്തിലുമാണ് ദില്ലിയില്‍ നിന്ന് കര്‍ണ്ണാടകത്തിലേക്ക് രാഹുല്‍ സഞ്ചരിച്ചത്. എന്നാല്‍ ഓട്ടോ പൈലറ്റ് മോഡ് തകരാര്‍ സംഭവിക്കുന്നത് അപൂര്‍വ്വമല്ലെന്നാണ് ഡിജിസിഎയുടെ വിശദീകരണം. സാധാരണമായി ഉണ്ടാകുന്ന സാങ്കേതിക പ്രശ്നം മാത്രമാണ് സംഭവിച്ചതെന്നാണ് ഡിജിസിഎ വിശദീകരിച്ചത്. അതേസമയം, വിമാന അട്ടിമറി ശ്രമമെന്ന കോണ്‍ഗ്രസ് ആരോപണം ബിജപി നിഷേധിച്ചു

ദില്ലിയില്‍ നിന്ന് കര്‍ണ്ണാടകത്തിലേക്കുള്ള യാത്രയക്കിടെ അസാധാരണമായ കുലുക്കവും ശബ്ദവുമാണ് ഉണ്ടായതെന്നും മൂന്നാമത്തെ ശ്രമത്തിന് ഒടുവിലാണ് ഹുബ്ലിയല്‍ ലാന്‍റ് ചെയ്തതെന്നുമായരുന്നു കോണ്‍ഗ്രസ് പരാതി. ദില്ലിയിലുള്ള ലിഗാറെ ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടേതാണ് വിമാനം. പത്ത് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ രാഹുലിന് പുറമേ സുരക്ഷാഉദ്യോഗസ്ഥനും മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരമാണ് ഉണ്ടായിരുന്നത്

വിമാന അട്ടിമറി ശ്രമമെന്ന കോണ്‍ഗ്രസ് ആരോപണത്തോട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ അടവ് മാത്രമെന്നാണ് ബിജെപിയുടെ മറുപടി.കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തില്‍ പൈലറ്റിന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.നേരത്തെ വിമാനഅട്ടിമറി ശ്രമമെന്ന കോണ്‍ഗ്രസ് പരാതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ഗാന്ധിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.