ഉന്നാവോ, കത്വ ബലാത്സംഗ സംഭവങ്ങളില്‍ ദില്ലിയില്‍ പാതിരാത്രിയിലും പ്രതിഷേധാഗ്നി
ദില്ലി: ഉന്നാവോ, കത്വ ബലാത്സംഗ സംഭവങ്ങളില് ദില്ലിയില് പാതിരാത്രിയിലും പ്രതിഷേധാഗ്നി. ജമ്മു കാഷ്മീരിലെ കത്വയിൽ ക്രൂരമായി പീഡനത്തിനായി കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച രാത്രി റാലി നടത്തും.ദില്ലി നഗരമധ്യത്തിലെ ഇന്ത്യാ ഗേറ്റിൽനിന്ന് രാത്രി പതിനൊന്നിനാണ് രാഹുലിന്റെ മെഴുകുതിരി റാലി. പ്രിയങ്ക ഗാന്ധിയും ഭര്ത്താവ് റോബര്ട്ട് വദ്രയും മകളും പ്രതിഷേധത്തില് പങ്കെടുത്തു.
പ്രമുഖ കോണ്ഗ്രസ് നേതാക്കളും നൂറുകണക്കിന് പ്രവര്ത്തകരും പ്രതിഷേധത്തില് പങ്കെടുത്തു. ദില്ലിയില് ക്രൂരമായി കൊല്ലപ്പെട്ട നിര്ഭയ പെണ്കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തില് എത്തിയെന്നാണ് റിപ്പോര്ട്ട്. ദില്ലി കോണ്ഗ്രസ് ഓഫീസില് നിന്ന് ദില്ലി നഗരമധ്യത്തിലെ ഇന്ത്യാ ഗേറ്റിലേക്കാണ് റാലി നിശ്ചയിച്ചത്. ഇത് തടയാന് പോലീസ് വഴിയില് ബാരിക്കേഡുകള് ഉയര്ത്തിയെങ്കിലും 12 മണിയോടെ റാലി ഇന്ത്യ ഗൈറ്റിലെത്തി.
നേരത്തെ ലക്ഷക്കണക്കിന് ഇന്ത്യക്കാരെപ്പോലെ എന്റെ ഹൃദയവും ഈ രാത്രിയിൽ വേദനിക്കുന്നു. ഈ രീതിയിൽ ഇന്ത്യയ്ക്കു സ്ത്രീകളെ പരിഗണിക്കാൻ ഇനിയും കഴിയില്ല. നീതി ആവശ്യപ്പെട്ടും ഈ ആക്രമണങ്ങൾക്കെതിരേയും ഇന്നുരാത്രി ഇന്ത്യാഗേറ്റിൽ നടത്തുന്ന നിശബ്ദ, മെഴുകുതിരി കൂട്ടായ്മയിൽ എന്നോടൊപ്പം ചേരൂ- രാഹുൽ ട്വീറ്റ് ചെയ്തു.
കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം മനുഷ്യത്വത്തിനെതിരായ അതിക്രമമാണെന്ന് രാഹുൽ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച രാഹുൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും വിഷയത്തിൽ ആദ്യമായി പ്രതികരിക്കവെ പറഞ്ഞു.
ഇത്തരം പൈശാചിക കൃത്യങ്ങളെ സംരക്ഷിക്കാൻ ആർക്കാണ് സാധിക്കുക. കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുത്. നിഷ്കളങ്കയായ കുട്ടിയോട് ചിന്തിക്കാൻപോലും കഴിയാത്ത തരത്തിലുള്ള ക്രൂരത കാട്ടിയ സംഭവത്തിൽ രാഷ്ട്രീയത്തെ ഇടപെടുത്താൻ ശ്രമിച്ചാൽ നമ്മൾ എന്തായിത്തീരുമെന്നും രാഹുൽ ചോദിച്ചു.
കഴിഞ്ഞ ജനുവരി 10 ന് ആണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലിയും നടത്തുകയുണ്ടായി.
