പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നാലു വര്‍ഷത്തിന് ശേഷവും മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം നടന്ന റാലിയിലാണ് രാഹുലിന്റെ പരാമർശം.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ നാലു വര്‍ഷത്തിന് ശേഷവും മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു. ജനങ്ങളെ മോദിയും ബിജെപിയും ചതിച്ചെന്ന് പറഞ്ഞ രാഹുല്‍ ഇനി കോണ്‍ഗ്രസിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം നടന്ന റാലിയിലായിരുന്നു രാഹുല്‍ മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
"നിങ്ങൾ മോദിയെ വിശ്വസിച്ചു, അദ്ദേഹം നിങ്ങളുടെ വിശ്വാസത്തെ തകർത്തു, ഇനി ഇന്ത്യയയെ മുന്നോട്ടു കൊണ്ടുപോകാൻ കോൺഗ്രസ്സിന്റെയും മഹാത്മാഗാന്ധിയുടെയും പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കൂ എന്നും രാഹുല്‍ പറഞ്ഞു.
കടക്കെണിയിലായ സുഹൃത്തിനെ സഹായിക്കുന്നതിനുവേണ്ടി മാത്രമാണ് റഫാല്‍ യുദ്ധവിമാന കരാറുണ്ടാക്കിയത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയെ കരാറിന്റെ ഭാഗമാക്കി. ഇതിന്റെ കാരണം എന്താണെന്ന് അറിയണമെന്നുണ്ട്. ദില്ലിയിൽ കർഷകർ നടത്തുന്ന മാര്‍ച്ച് അടിച്ചമർത്തുന്നതിന് പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടികാട്ടി.
രാജ്യത്ത് ചൈനയില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ഉണ്ടാവില്ലെന്നും എല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ചവയായിരിക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് രാജ്യത്തുള്ള മൊബൈൽ ഫോണ്‍, ചെരുപ്പ്, വസ്ത്രം തുടങ്ങി എല്ലാം ചൈനയില്‍ നിര്‍മ്മിച്ചവയാണ്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ സുഹൃത്തുക്കളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ മോദി അവസരം ഒരുക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
