ബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും രാജ്യത്തിന് തന്നെ ഇത്തരം കേസുകൾ അപമാനമാണെന്നും മോദി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ വിമർശനം.
ദില്ലി: ഉന്നാവോ കേസിലെ പ്രധാന സാക്ഷിയുടെ ദുരൂഹമരണത്തിൽ മോദിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇങ്ങനെയാണോ പെൺകുട്ടികൾക്ക് നീതി നേടിക്കൊടുക്കുന്നതെന്നാണ് മോദിയോടുള്ള രാഹുലിന്റെ ചോദ്യം. പോസ്റ്റ്മോർട്ടം നടത്താതെയാണ് ഇദ്ദേഹത്തിന്റെ മൃതസംസ്കാരം നടത്തിയതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്നും രാഹുൽ ആരോപിക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് രാഹുൽ ഈ വിമർശനങ്ങളുന്നയിച്ചിരിക്കുന്നത്.
ബിജെപി എംഎൽഎ കുൽദിപ് സിംഗ് സെങ്ങാറാണ് ഉന്നാവോ കേസിലെ മുഖ്യപ്രതിസ്ഥാനത്തുള്ളത്. ബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും രാജ്യത്തിന് തന്നെ ഇത്തരം കേസുകൾ അപമാനമാണെന്നും മോദി മുമ്പ് പറഞ്ഞിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഹുലിന്റെ വിമർശനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എംഎൽഎ ബലാത്സംഗം ചെയ്തതായാണ് കേസ്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. പെൺകുട്ടിയുടെ പിതാവ് ഇതിനിടയിൽ മരണപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടയിൽ പ്രതിയായ എംഎൽഎയുടെ സഹോദരൻ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചതായും ആരോപണമുണ്ട്. ഈ സംഭവം നേരിട്ട് കണ്ട സാക്ഷി യൂനുസാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യൂനുസിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതുപോലെ തന്നെ പെൺകുട്ടിയുടെ കുടുംബത്തെ പ്രതികൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
