വിമാന അട്ടിമറി ശ്രമമാണ് നടന്നതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനിടെയാണ് എസ്.പി.ജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയുടെ ആകാശ യാത്ര ഗുരുതര സാങ്കേതിക തകരാറുള്ള വിമാനത്തിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്.

ദില്ലി: രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനം മൂന്നര മിനുറ്റലധികം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി കേന്ദ്ര വ്യോമയാന മന്ത്രാലയം.വിമാനത്തിന് ഗുരുതര സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും കണ്ടെത്തി. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

വിമാന അട്ടിമറി ശ്രമമാണ് നടന്നതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനിടെയാണ് എസ്.പി.ജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയുടെ ആകാശ യാത്ര ഗുരുതര സാങ്കേതിക തകരാറുള്ള വിമാനത്തിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. പകുതി പ്രവര്‍ത്തനക്ഷമമല്ലാത്ത റഡാര്‍ സംവിധാനവും ഓട്ടോ പൈലറ്റ് മോഡ് പ്രവര്‍ത്തിക്കാത്ത വിമാനത്തിലുമാണ് ദില്ലിയില്‍ നിന്ന് കര്‍ണ്ണാടകത്തിലേക്ക് രാഹുല്‍ സഞ്ചരിച്ചത്. മൂന്ന് മിനുറ്റ് 37സെക്കന്‍റ് സമയം വിമാനവുമായി കണ്‍ഡ്രോള്‍ റൂമിന് ബന്ധം നഷ്ടപ്പെട്ടു. വിമാനയാത്രയക്കിടെ അസാധാരണമായ കുലുക്കവും ശബ്ദവുമാണ് ഉണ്ടായതെന്നും മൂന്നാമത്തെ ശ്രമത്തിനൊടുവിലാണ് ഹുബ്ലിയില്‍ ലാന്റ് ചെയ്തതെന്നുമായിരുന്നു കോണ്‍ഗ്രസ് പരാതി. വിമാനം ഒരു വശത്തേക്ക് അസാധാരണമായി ചെരിഞ്ഞുവെന്നും വലിയ ശബ്ദമുണ്ടായെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല പറഞ്ഞു.

ദില്ലിയിലുള്ള ലിഗാറെ ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടേതാണ് വിമാനം. പത്ത് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ രാഹുലിന് പുറമേ സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓട്ടോ പൈലറ്റ് മോഡ് തകരാര്‍ സംഭവിക്കുന്നത് അപൂര്‍വ്വമല്ലെന്നാണ് ഡി.ജി.സി.എയുടെ വിശദീകരണം. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ദ്ധ സംഘം ഹുബ്ലിയിലെത്തി വിമാനം പരിശോധിച്ചു. പൈലറ്റിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.