ദില്ലി: രാഹുല്‍ ഗാന്ധിയുടെ പഴയ ടീമിന്റെ ഭാവി, പുതിയ ടീമില്‍ ആരൊക്കെ ഉണ്ടാകും, ഇതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. രാഹുലിന്റെ ശൈലിയും കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലിയും തമ്മില്‍ എങ്ങനെ ഒത്തുപോകും എന്ന ആശങ്ക പല നേതാക്കള്‍ക്കും ഉണ്ട്. 2004ന് ശേഷം അതിവേഗം കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തിയെങ്കിലും കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡുമായി രാഹുലിന്റെ വസതിയും ഓഫീസുമായ 9 തുഗ്ലക് റോഡ് നിശ്ചിത അകലം തന്നെ പാലിച്ചു.
പാര്‍ടി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പോകാന്‍ മടികാണിച്ച രാഹുല്‍ പാര്‍ലമെന്റിന് പുറകിലെ ജി.ആര്‍.ജി മാര്‍ഗില്‍ വാര്‍റൂം എന്ന പേരില്‍ പുതിയ ഓഫീസ് തുറന്നു. ഒരു സന്നദ്ധ സംഘടനയുടെ ശൈലിയിലാണ് രാഹുലിന്റെ ഓഫീസ് അന്നും ഇന്നും പ്രവര്‍ത്തിക്കുന്നത്. ഹാര്‍വഡ് സര്‍വ്വകലാശാലയിലെ ബിരുദദാരികളായ കനിഷ്ക സിംഗ്, കൗശല്‍ വിദ്യാര്‍ത്ഥി എന്നിവരാണ് രാഹുലിന്റെ ഔദ്യോഗിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
നയപരമായ വിഷയങ്ങളില്‍ പ്രധാന ഉപദേശകര്‍ സാംപിത്രോഡ, മോഹന്‍ ഗോപാല്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.രാജു എന്നിവരാണ്. യാത്രകള്‍ ഏകോപിപ്പിക്കുന്നത് മുന്‍ എസ്.പി.ജി ഉദ്യോഗസ്ഥനായ കെ.ബി.ബൈജുവും. ജയറാം രമേശ്, ദിഗ് വിജയ് സിംഗ്, വീരപ്പമൊയ്‌ലി അശോകന്‍ ചവാന്‍ എന്നിവരായിരുന്നു ആദ്യകാലത്തെ രാഷ്‌ട്രീയ ഉപദേശകര്‍.
2014ന് ശേഷം അതില്‍ മാറ്റംവന്നു. ഗുലാം നബി ആസാദിനെ പോലുള്ള നേതാക്കള്‍ ഉപദേശകരായി മാറി. അഹമ്മദ് പട്ടേലിനെ പോലുള്ള നേതാക്കളുടെ സാന്നിധ്യം ഇനി കോണ്‍ഗ്രസില്‍ കുറയും. അജയ് മക്കന്‍,സി.പി.ജോഷി, മധുസൂദന്‍ മിസ്‌ത്രി, ജിതേന്ദ്ര സിംഗ്, രണ്‍ദീപ് സുര്‍ജേവാല, സുസ്മിത ദേവ്, ദിവ്യ സ്‌പന്ദന രമ്യ, കെ.സി.വേണുഗോപാല്‍, രാജീവ് ഗൗഡ എന്നിവരാണ് രാഹുലിന്റെ ഇപ്പോഴത്തെ ഗുഡ്ബുക്കിലുള്ളത്.
രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോള്‍ എ.ഐ.സി.സിയിലും പ്രവര്‍ത്തക സമിതിയിലും വലിയ അഴിച്ചുപണികള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. ജ്യോതിരാധിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, ഗൗരവ് ഗൊഗോയ് തുടങ്ങി യുവ നിരനേതാക്കളെ നിശ്ചിത അകലത്തില്‍ നിര്‍ത്തുമ്പോള്‍ പാര്‍ടിയുടെ തീരുമാനങ്ങള്‍ രാഹുല്‍ അവരെ പങ്കാളികളാക്കുന്നു.
നേതൃനിരയിലേക്ക് യുവനേതാക്കളുടെ സാന്നിധ്യവും ഇനി കൂടും.അതേസമയം രാഹുലിന്റെ ശൈലിയും പാര്‍ടിയുടെ പരമ്പരാഗത ശൈലിയും തമ്മിലുള്ള അകലമാണ് പല നേതാക്കളും ഉയര്‍ത്തുന്ന ആശങ്ക. പാര്‍ടിയിലെ പുതിയ ചേരിക്കും പഴയ ചേരിക്കും ഇടയില്‍ രാഹുല്‍ നിര്‍മ്മിക്കുന്ന പാലം എങ്ങനെയാകും എന്നതും ഏവരും ഉറ്റുനോക്കുന്നു.
