രാജീവ് ഗാന്ധിയും ഇന്ദിര ഗാന്ധിയും കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു: രാഹുല്‍ ഗാന്ധി

First Published 12, Mar 2018, 9:10 AM IST
rahul knows his father gonna be killed
Highlights
  • രാജീവ് ഗാന്ധിയും ഇന്ദിര ഗാന്ധിയും കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു
  • കാരണം എന്ത് തന്നെയാണെങ്കിലും ഒരുതരം അതിക്രമങ്ങളും ഞാന്‍ അംഗീകരിക്കുന്നില്ല

മുത്തശ്ശി ഇന്ദിര ഗാന്ധിയും പിതാവ് രാജിവ് ഗാന്ധിയും കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. കൃത്യമായ നിലപാട് എടുക്കുന്നതിന് കനത്ത വില നല്‍കേണ്ടി വരുമെന്നത് അറിയാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് ഇന്ദിരാ ഗാന്ധി പറഞ്ഞിരുനനുവെന്നും അത് താന്‍ പിതാവിനോട് പറഞ്ഞിരുന്നെന്നും രാഹുല്‍ പറഞ്ഞു. തനിക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുമാരായിരുന്നു ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയത്.

പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് സാധാരണയായി പ്രതികരിക്കാന്‍ തയ്യാറാകാത്ത രാഹുല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത് ആദ്യമായാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ പങ്കെടുക്കവെ സിങ്കപ്പൂരില്‍ വെച്ചായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്‍. ഗാര്‍ഡുകളുടെ സുരക്ഷാ വലയത്തിനുള്ളില്‍ ജീവിക്കുക എന്നത് ഒരു പ്രത്യേക ആനുകൂല്യമായി കണക്കാക്കാന്‍ സാധിക്കില്ല. 

പ്രഭാകരനെ കൊല്ലപ്പെട്ട നിലയില്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ എന്തിനാണ് ആളുകളെ ഇങ്ങനെ വേദനിപ്പിച്ച് കൊല്ലുന്നതെന്നാണ് മനസില്‍ തോന്നിയത് ഒപ്പം പ്രഭാകരന്റെ കുടുംബത്തോട് സഹതാപവും തോന്നിയെന്നും രാഹുല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ കൊലയാളികളോട് താനും സഹോദരി പ്രിയങ്ക ഗാന്ധിയും ക്ഷമിച്ചിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വിശദമാക്കി. 

കാരണം എന്ത് തന്നെയാണെങ്കിലും ഒരുതരം അതിക്രമങ്ങളും ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ അച്ഛന്റെ കൊലയാളികള്‍ക്ക് ഞങ്ങള്‍ മാപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിരവധി വര്‍ഷങ്ങളോളം ഞങ്ങള്‍ അതീവ ദുഃഖിതരായിരുന്നു. വല്ലാത്ത ദേഷ്യമായിരുന്നു ഈ കാലഘട്ടത്തിലൊക്കെ. എന്നാല്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായും മാറിയെന്നും രാഹുല്‍ പറഞ്ഞു. 

loader