കോട്ടയം ആര്‍പ്പൂക്കരയിലെ റാണി അരി മില്ലില്‍ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സര്‍ക്കാര്‍ നല്‍കുന്ന നെല്ല് കുത്തി അരിയാക്കി മടക്കി നല്‍കുമ്പോള്‍ മായം ചേര്‍‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ മായം ചേര്‍ക്കല്‍ കണ്ടെത്തിയതോടെ മില്ല് സീല്‍ ചെയ്തു.


സര്‍ക്കാര്‍ സംഭരിച്ച് നല്‍കുന്ന ഉയര്‍ന്ന നിലവാരമുള്ള നെല്ല് - കുത്തി അരിയാക്കി വിതരണത്തിനെത്തിക്കുമ്പോള്‍ മായം ചേര്‍ക്കുന്നുണ്ടെന്ന പരാതി ശക്തമായതോടെയാണ് ഭക്ഷ്യമന്ത്രി തന്നെ നേരിട്ട് പരിശോധന നടത്തിയത്. കോട്ടയം ആര്‍പ്പുക്കരയിലെ റാണി അരി മില്ലില്‍ നടത്തിയ പരിശോധനയില്‍ മായം ചേര്‍ക്കാനായി ശേഖരിച്ചിരുന്ന നിലവാരമില്ലാത്ത അരി പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത അരി കലര്‍ത്തുന്നതിനൊപ്പം അരിയില്‍ കൃത്രിമമായ നിറവും ചേര്‍ക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. മായം ചേര്‍ക്കുന്നത് ബോധ്യപ്പെട്ടതോടെ അരിമില്‍ സീല്‍ ചെയ്യാന്‍ ഭക്ഷ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിശോധനയ്ക്ക് എത്തി. മായം ചേര്‍ക്കലിനെതിരെ സംസ്ഥാനത്തൊട്ടാകെ പരിശോധനകള്‍ നടത്തുന്നതിൊനപ്പം ശക്തമായ നടപടികളുണ്ടാവുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.