ലസ്സിയില്‍ ചേര്‍ക്കുന്ന ചേരുവകളുടെ പാക്കറ്റുകളിലൊന്നിലും നിയമപ്രകാരമുള്ള ലേബലുകളില്ല

കൊച്ചി: നഗരത്തിലെ ലസ്സി നിര്‍മ്മാണ-വിതരണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കി. ലൈസന്‍സില്ലാതെ മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കടകളും നിര്‍മ്മാണ കേന്ദ്രവും ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. പരിശോധന ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

കലൂരിലും,നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുമായി മൂന്ന് കടകളാണ് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ച് പൂട്ടിയത്.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ ആറ് മാസത്തിലധികമായി ഈ കടകള്‍ ഇവിടെ പ്രവര്‍ത്തിച്ച് വരികയാണ്. നഗരത്തിലെ 28 കടകളിലേക്ക് ലസ്സി എത്തിച്ചിരുന്ന കുന്നുംപുറം മന്നം റോഡിലെ ദേസീ കുപ്പയുടെ നിര്‍മ്മാണ കേന്ദ്രവും ലൈസന്‍സില്ലാത്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടി.

കോര്‍പ്പറേഷന്റെയോ, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയോ യാതൊരു വിധ അനുമതിയുമില്ലാതെയാണ് ഈ കേന്ദ്രം കഴിഞ്ഞ 8 മാസമായി ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലസ്സിയില്‍ ചേര്‍ക്കുന്ന ചേരുവകളുടെ പാക്കറ്റുകളിലൊന്നിലും നിയമപ്രകാരമുള്ള ലേബലുകളില്ല. കാസര്‍കോട് സ്വദേശികളായ പര്‍വേസ്, ശിഹാബ്,അഭിനവ് എന്നിവരാണ് നിര്‍മ്മാണ കേന്ദ്രം നടത്തിയിരുന്നത്. കടകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നതോടെ കൂടുതല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.