ട്രെയിൻ യാത്രയിൽ ലഗേജിനു നിയന്ത്രണം കർശനമാക്കാൻ റെയിൽവേയുടെ നീക്കം അധിക ലഗേജുമായി സഞ്ചരിക്കുന്നവർ നിലവിലെ ഫീസിന്റെ ആറിരട്ടി പിഴ നൽകേണ്ടി വരും
ദില്ലി: ട്രെയിൻ യാത്രയിൽ ലഗേജിനു നിയന്ത്രണം കർശനമാക്കാൻ റെയിൽവേയുടെ നീക്കം. പണമടയ്ക്കാതെ അധിക ലഗേജുമായി സഞ്ചരിക്കുന്നവർ ഇനി മുതല്‍ നിലവിലെ ഫീസിന്റെ ആറിരട്ടി പിഴ നൽകേണ്ടി വരും.
നിലവിലെ വ്യവസ്ഥ പ്രകാരം സ്‌ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാമും വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് എസിയിൽ 70 കിലോയും സെക്കന്റ് ക്ലാസ് എസിയിൽ 50 കിലോ വരെയും കൊണ്ടു പോകാം. ലഗേജ് കൂടുതൽ ഉണ്ടെങ്കിൽ പണമടച്ച് പ്രത്യേക കംപാർട്മെന്റിൽ കൊണ്ടുപോകണം എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് കൂടുതൽ ലഗ്ഗേജ് കൊണ്ടുപോകുന്നവർക്കാണ് പിഴ നൽകേണ്ടി വരുക.
പണമടയ്ക്കാതെ എളുപ്പതില്‍ ലേഗേജുകള്‍ കൊണ്ടുപോകാന്‍ റെയില്‍വേയെ ആശ്രയിക്കുന്നവര്‍ക്കാണ് ഈ നീക്കം തിരിച്ചടിയാവുക. അമിത ലഗേജ് കാരണം യാത്രക്കാര്‍ക്ക് ബോഗിക്കുള്ളില്‍ ആവശ്യത്തിന് സ്ഥലമുണ്ടാകാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെടുകയും യാത്രക്കാരുടെ ഭാഗത്തു നിന്ന് പരാതി വര്‍ദ്ധിക്കുകയും ചെയ്തതതോടെയാണ് റെയില്‍വേ കടുത്ത തീരുമാനം എടുത്തത്. ഇയാഴ്ച മുതൽ ഇക്കാര്യത്തിൽ ബോധവൽക്കരണം തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു.
