കേരളത്തില്‍ ഇനി പുതിയ ട്രെയിന്‍ ഓടിക്കണമെങ്കില്‍ പാളം പുതുക്കിയേ തീരു എന്ന് റെയില്‍വെ . മൂന്ന് ദിവസത്തിനകം മാറ്റണമെന്ന് രേഖപ്പെടുത്തിയ 236 അപകട വിടവുകള്‍ സംസ്ഥാനത്തെ റെയില്‍ പാളങ്ങളിലുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. ഇടതടവില്ലാതെ വണ്ടിയോടുന്നതിനാല്‍ പാളങ്ങളില്‍ അപകടാവസ്ഥയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും റെയില്‍വെ എന്‍ജിനീയറിംഗ് വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിണ്ടുകീറിയും തുരുമ്പെടുത്തും ഗുരുതരാവസ്ഥയിലായ റെയില്‍ പാളങ്ങളെ കുറിച്ച് റോവിംഗ് റിപ്പോര്‍ട്ടര്‍ നടത്തുന്ന അന്വേഷണം.
കറുകുറ്റി കരുനാഗപ്പള്ളി അപകടങ്ങള്‍ക്ക് ശേഷം പരിശോധന കര്‍ശനമാക്കിയപ്പോള്‍ കണ്ടെത്തിയ പിഴവുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അള്‍ട്രാ സൗണ്ട് സ്കാനറുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം ഡിവിഷനു കീഴില്‍ മാത്രം 232 അപടകട മേഖല. പാലക്കാട് ഡിവിഷനു കീഴില്‍ 32 എണ്ണം. മൂന്നു ദിവസത്തിനകം മാറ്റണമെന്ന് എന്‍ജിനീയറിംഗ് വിഭാഗം കണ്ടെത്തിയ പാളങ്ങള്‍ പോലും മുഴുവന്‍ മാറ്റിയിട്ടില്ല.
കേരളത്തിലാകെ 1050 കിലോമീറ്റര്‍ റെയില്‍പാത. പ്രതിദിനമോടുന്നത് ശരാശരി 100 യാത്രാ വണ്ടികള്‍. 80ഓളം ഗുഡ്സ് ട്രെയിനുകള്‍. പാളത്തിന് ഉള്‍ക്കൊള്ളാവുന്നതിലും 180 ശതമാനമാനം അധിക സര്‍വ്വീസ് .
സമയത്തിനെത്തുക എന്നതിനപ്പുറം സുരക്ഷിത യാത്രയെന്ന സങ്കല്‍പ്പത്തിലേക്ക് മാറാന്‍ കാലപ്പഴക്കവും കാലസ്ഥയും മുതല്‍ കെടുകാര്യസ്ഥത വരെ കാരണങ്ങള്‍ പലതുണ്ട്. പൊതു ഗതാഗത സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തേണ്ടത് ആരെന്ന ചോദ്യത്തിന് പക്ഷേ ഉത്തരം വേണം.
