2001 ജൂണ്‍ 22നാണ് കടലുണ്ടിയില്‍ പാലം പൊളിഞ്ഞ് മദ്രാസ് മെയിലിന്റെ മൂന്ന് ബോഗികള്‍ പുഴയിലേക്ക് വീണത്. നാടിനെ നടുക്കിയ അപകടത്തില്‍ പൊലിഞ്ഞത് 52 ജീവനുകളായിരുന്നു. ദുരന്തം നടന്ന് 15 വര്‍ഷം കഴിയുമ്പോള്‍ കാലപ്പഴക്കം ചെന്ന പാലങ്ങളുടെ അവസ്ഥയെന്താണ്?. കേരളത്തില്‍ ആദ്യം ട്രെയിന്‍ ഓടിത്തുടങ്ങിയ മലബാറിലാണ് പഴക്കം ചെന്ന പാലങ്ങള്‍ ഏറെയും. ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള വഴിയിലുടനീളം 100 വര്‍ഷവും അതിലേറെയും പഴക്കമുള്ള 19 പാലമുണ്ടെന്നാണ് റെയിവെയുടെ കണക്ക്. സുരക്ഷ പരിശോധിച്ച റെയില്‍വെ ബ്രിഡ്ജസ് ആന്റ് റോഡ്സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനച്ചില്‍ പുതുക്കി പണിയാന്‍ തീരുമാനിച്ചത് എട്ടെണ്ണം.

ഇരട്ടപ്പാതക്കായി നിര്‍മ്മിച്ച പുതിയ പാലത്തിന് സമാന്തരമുള്ള പഴയ പാലങ്ങള്‍ക്കാണ് ബദലുണ്ടാകേണ്ടത്. എന്നാല്‍ അടിന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണിപോലും അനിശ്ചിതമായി വൈകുന്നു എന്നാണ് പ്രധാന പരാതി. പഴയപാലം കയറുന്ന ട്രെയിനുകളുടെ വേഗം കുറക്കലാണ് റെയില്‍വെയുടെ മുന്‍കരുതല്‍. അപകട സാധ്യത മാത്രമല്ല രാജധാനി അടക്കം അതിവേഗ തീവണ്ടികളുടെ സര്‍വ്വീസിനെയും പാലത്തിന്റെ കാലപ്പഴക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.