ചെന്നൈയിലെ ഹോട്ടലുകളില്‍ പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്ന് ചില സൂചനകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. മാസങ്ങള്‍ക്ക് മുന്‍പ് ട്രെയിനില്‍ കൊണ്ടുവന്ന പൂച്ചയിറച്ചിയും അധികൃതര്‍ ഇത്തരത്തില്‍ പിടികൂടിയിരുന്നു

ചെന്നൈ : ചെന്നൈയില്‍ 2100 കിലോഗ്രാം പട്ടിയിറച്ചി പിടികൂടി. രാജസ്ഥാനില്‍ നിന്നും ജോഡ്പുര്‍-മന്നര്‍ഗുഡി എക്‌സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചിയാണ് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. 11 പാഴ്‌സല്‍ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. ഇത് ചെന്നൈയിലെ ഹോട്ടലുകളില്‍ പാചകം ചെയ്ത് വില്‍ക്കാനാണെന്നാണ് സൂചന.

ചെന്നൈയിലെ ഹോട്ടലുകളില്‍ പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്ന് ചില സൂചനകള്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. മാസങ്ങള്‍ക്ക് മുന്‍പ് ട്രെയിനില്‍ കൊണ്ടുവന്ന പൂച്ചയിറച്ചിയും അധികൃതര്‍ ഇത്തരത്തില്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇറച്ചി പിടിച്ചതോടെ ഇത് എത്തിച്ചവര്‍ പ്രതിഷേധിച്ചു. ഇത് ആട്ടിറച്ചിയാണെന്നും ലാബില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

രാജസ്ഥാന്‍ ഇറച്ചി എന്ന പേരില്‍ ചെന്നൈയില്‍ കുറഞ്ഞ വില്ക്ക് വില്‍ക്കാനായിരുന്നു ഇത് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ട്രെയിനില്‍ കൊണ്ടുവന്ന പെട്ടികള്‍ എഗ്മൂറിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ഇറക്കിയത്. 

പെട്ടികളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ പാഴ്‌സല്‍ നീക്കാന്‍ അനുവദിച്ചില്ല. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പട്ടിയിറച്ചിയാണെന്ന് കണ്ടെത്തിയത്.