ട്രെയിന്‍ മറ്റൊരു സ്റ്റേഷനില്‍ എത്തിക്കുന്ന തരത്തിലെ അബദ്ധങ്ങള്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്ന് ഉന്നത ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.

ദില്ലി: പാസഞ്ചര്‍ ട്രെയിനിനെ സ്റ്റേഷന്‍ ജീവനക്കാരന്‍ വഴിതെറ്റിച്ച് മറ്റൊരു സ്റ്റേഷനിലേക്ക് അയച്ചു. ചൊവ്വാഴ്ച ദില്ലിയിലാണ് നൂറുകണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സംഭവം നടന്നത്. ജോലിയില്‍ പിഴവ് വരുത്തിയ റെയില്‍വേ ലോഗ് ഓപ്പറേറ്ററെ സസ്‌പെന്റ് ചെയ്തു. ട്രെയിന്‍ മറ്റൊരു സ്റ്റേഷനില്‍ എത്തിക്കുന്ന തരത്തിലെ അബദ്ധങ്ങള്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്ന് ഉന്നത ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സാദര്‍ സ്റ്റേഷനിലാണ് സംഭവം. രാവിലെ 7.38ന് പാനിപ്പത്ത്-ന്യൂ ഡല്‍ഹി ട്രെയിനും സോന്‍പത്-ഓല്‍ഡ് ഡല്‍ഹി ട്രെയിനും സ്റ്റേഷനിലെത്തി. ഇവയുടെ നമ്പറുകള്‍ പരസ്‌പരം മാറിപ്പോയ ലോഗ് ഓപ്പറേറ്റര്‍ ന്യൂ ഡല്‍ഹിയിലേക്ക് പോകേണ്ട ട്രെയിനിനെ ഓല്‍ഡ് ഡല്‍ഹി സ്റ്റേഷനിലേക്ക് അയച്ചു. എന്നാല്‍ പിന്നീട് പിഴവ് തിരിച്ചറിഞ്ഞതോടെ ട്രെയിന്‍ തിരികെ ന്യൂഡല്‍ഹി സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുവന്നു. റൂട്ടും സ്റ്റേഷനും മാറിപ്പോകുന്ന തരത്തിലെ അബദ്ധങ്ങള്‍ അപൂര്‍വ്വമാണെന്ന് നോര്‍ത്തണ്‍ റെയില്‍വെ വക്താവ് നിതിന്‍ ചൗധരി പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ ലോഗ് ഓപ്പറേറ്ററെ സസ്‍പെന്റ് ചെയ്തിട്ടുണ്ട്.