മഴയെ തുടർന്ന് ചികിത്സ വൈകി കോതമംഗലം കുട്ടംമ്പുഴയിൽ ഒരാൾ മരിച്ചു. 

കൊച്ചി: മഴയെ തുടർന്ന് ചികിത്സ വൈകി കോതമംഗലം കുട്ടംമ്പുഴയിൽ ഒരാൾ മരിച്ചു. മണികണ്ഠൻ ചാൽ വെള്ളാരം കുത്ത് ആദിവാസി കോളനിയിൽ താമസിക്കുന്ന ടോമി ആണ് മരിച്ചത്. മേഖലയിലെ പത്ത് ആദിവാസി ഊരുകൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ നെഞ്ച് വേദന തുടങ്ങിയ ടോമിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പുലർച്ചയോടെ ചങ്ങാടം വഴി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോട്ടയം സ്വദേശി ശിവൻകുട്ടി, കണ്ണൂർ സ്വദേശി നാണി എന്നിവരാണ് മരിച്ചത്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ആലപ്പുഴ എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു.

എറണാകുളം വഴിയുള്ള 8 പാസഞ്ചറുകൾ റദ്ദാക്കി. നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്.കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കിയിലും കനത്ത മഴയാണ്. ആനവിലാസത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. 

മൂന്നാർ മേഖല ഒറ്റപ്പെട്ട അവസ്ഥയിലായി. കൊല്ലത്ത് അടക്കം തീരദേശമേഖലകളിൽ കടലാക്രണം ശക്തമാണ്. പത്തനംതിട്ടയിൽ അൻപതോളം വീടുകൾ ഭാഗികമായി തകര്‍ന്നു. വടക്കൻ കേരളത്തിൽ മലയോരമേഖലയിലാണ്ശക്തമായ മഴയുള്ളത്.