തൂത്തുക്കുട് വെടിവെയ്പ്പില്‍ പൊലീസിനെ ന്യായീകരിച്ച് രജനികാന്ത്

തൂത്തുക്കുടി:തൂത്തുക്കുടി വെടിവെയ്പ്പില്‍ പൊലീസിനെ ന്യായീകരിച്ച് രജനികാന്ത്. തൂത്തുക്കുടിയിൽ പൊലീസ് വെടിവെച്ചത് അക്രമം ഉണ്ടായപ്പോഴാണെന്ന് രജനീകാന്ത് പറഞ്ഞു. ആദ്യം പൊലീസിന് നേരെയാണ് അക്രമം നടന്നത്. എല്ലാത്തിനും സമരം നടത്തിയാൽ തമിഴ്നാട് ചുടുകാട് ആവുമെന്നും സാമൂഹ്യ ദ്രോഹികളാണ് അക്രമം നടത്തിയതെന്നും രജനി പറഞ്ഞു. വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകർക്ക് രജനികാന്തിന്റെ രൂക്ഷപ്രതികരണം.

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് മരിച്ചത്. സമരത്തിന്‍റെ 100ാം ദിവസാചരണത്തിനെത്തിയത് ആയിരക്കണക്കിന് പ്രതിഷേധക്കാരായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാര്‍ കളക്ട്രേറ്റിലേക്ക് പ്രകടനം നടത്തി.

പൊലീസ് വാനിന് മുകളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു.വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് മൂന്നുലക്ഷം രൂപയും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.