ജയ്പൂര്‍: പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയ സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞ സാമൂഹിക പ്രവർത്തകനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ തല്ലികൊന്നു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ടൗണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 55കാരനായ സഫർഖാനാണ്​ കൊല്ലപ്പെട്ടത്​. സർക്കാർ ഉദ്യോഗസ്ഥരുടെ മർദനത്തെ തുടർന്നാണ്​ മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

തുറസായ സ്ഥലത്തെ മലമൂത്രവിസര്‍ജനത്തിന് എതിരെ ബോധവത്കരണവുമായി ഒരു ചേരിയിലെത്തിയ ഉദ്യോഗസ്ഥസംഘമാണ് സഫര്‍ഖാനെ മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്ന സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ഇവര്‍ ശ്രമിച്ചപ്പോള്‍ സഫര്‍ ഖാന്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇവര്‍ ഇദ്ദേഹത്തെ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചെന്നും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫര്‍ മരിക്കുകയുമായിരുന്നുവെന്നും സഹോദര​ൻറെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുനിസിപ്പല്‍ കമ്മിഷണര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.

അതേസമയം സഫറിനെ മര്‍ദിച്ചിട്ടില്ലെന്നും സഫര്‍ തങ്ങളെ അധിക്ഷേപിക്കുകയും ശുചിത്വതൊഴിലാളിയെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം.