2002-ല്‍  വാജ്പേയ് സര്‍ക്കാരാണ് ഒരു ദേശീയ ഐഡി കാര്‍ഡ് എന്ന ആശയം കൊണ്ടു വന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നിലവില്‍ വന്ന ആധാര്‍ സംവിധാനം   സബ് സിഡി വിതരണത്തിനും ക്ഷേമപദ്ധതികളുടെ നടത്തിപ്പിനും ഉപയോഗിച്ചു കൊണ്ട് അഴിമതി മുക്തമായി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിജയം കണ്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. 

ബെംഗളൂരു: ആധാര്‍ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി രാജീവ് ചന്ദ്രശേഖര്‍ എംപി അറിയിച്ചു. ആധാര്‍ സംവിധാനത്തില്‍ നിലവിലെ പാളിച്ചകള്‍ പരിഹരിച്ചു കൊണ്ടുള്ള ഇടപെടലുകളാണ് സുപ്രീകോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും സുപ്രീംകോടതി വിധിയോടെ ആധാര്‍ കൂടുതല്‍ സുതാര്യമായ സംവിധാനമായി മാറിയെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. 

ആധാറുമായി ബന്ധപ്പെട്ട് 2003-ല്‍ സുപ്രീംകോടതിയില്‍ വന്ന കേസില്‍ ഞാനും ഹര്‍ജിക്കാരനായിരുന്നു.ക്ഷേമപദ്ധതികളിലും സബ് സിഡികളിലും വലിയ തോതിലുള്ള അഴിമതിയും വെട്ടിപ്പും പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. ഇവയ്ക്കുള്ള പരിഹാരമെന്ന നിലയിലാണ് 2002-ല്‍ അടല്‍ വാജ്പേയ് സര്‍ക്കാര്‍ ഒരു ദേശീയ ഐഡി കാര്‍ഡ് എന്ന ആശയം കൊണ്ടു വന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നിലവില്‍ വന്ന ആധാര്‍ സംവിധാനം സബ് സിഡി വിതരണത്തിനും ക്ഷേമപദ്ധതികളുടെ നടത്തിപ്പിനും ഉപയോഗിച്ച് അഴിമതി മുക്തമായി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്.

ആധാര്‍ പദ്ധതിയുടെ സുതാര്യതയും പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ചില നടപടികള്‍ അനിവാര്യമാണെന്ന് നേരത്തെ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ആധാര്‍ ആക്ടില്‍ നടപ്പിലാക്കേണ്ട ഈ ഭേദഗതികളെല്ലാം തന്നെ ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായിട്ടുണ്ട്. സ്വകാര്യ-കോര്‍പറേറ്റ് കന്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കിയതിനെ ഞാന്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്നത്തെ വിധിയില്‍ സുപ്രീംകോടതി കോര്‍പറേറ്റ് കന്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്.