കൊച്ചി: ജിഷവധക്കേസ് വിധിയോട് വൈകാരികമായി പ്രതികരിച്ച് ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. മകളുടെ ഘാതകന് തൂക്കുകയര്‍ വിധിച്ച കോടതിയും ജഡ്ജിയും തനിക്ക് ദൈവത്തെ പോലെയാണെന്ന് രാജേശ്വരി പറഞ്ഞു. 

ഇനി ഒരു അമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാവരുത്, ജിഷയ്‌ക്കോ, സൗമ്യയ്‌ക്കോ, നടിയ്‌ക്കോ നേരിടേണ്ടി വന്നത് ഇനിയൊരാള്‍ക്കും അനുഭവിക്കാന്‍ ഇടവരരുത്. ഒരമ്മയ്ക്കും സ്വന്തം പെണ്‍കുഞ്ഞിനെ ഇങ്ങനെ പീഡിപ്പിക്കുന്നത് കാണാന്‍ ഇടവരരുത്. 

കേസ് അന്വേഷിച്ച പോലീസുകാര്‍, അഭിഭാഷകര്‍, എന്റെ കുഞ്ഞിന് വേണ്ടി കഷ്ടപ്പെട്ട ലോകത്തുള്ള ഒരുപാട് മനുഷ്യര്‍ അവരോടെല്ലാം നന്ദിയുണ്ട്. എന്റെ മോളുടെ ആത്മാവിന് വേണ്ടി ഞാന്‍ ഈ ലോകത്തോട് നന്ദി പറയുന്നു. 

ജിഷയുടെ സഹോദരി ദീപയുടെ പ്രതികരണം...

കോടതിയില്‍ നിന്നുള്ള വിധി ഞങ്ങള്‍ക്ക് അനുകൂലമായി. കഴിഞ്ഞ ഒന്നരകൊല്ലമായി ഈ കേസിന് വേണ്ടി അധ്വാനിച്ച പോലീസുകാരോടെല്ലാം ഒരു പാട് നന്ദിയുണ്ട്. ഇങ്ങനെയൊരു വിധി കേള്‍ക്കാന്‍ വളരെ ആഗ്രഹിച്ചിരുന്നു. വിഷമത്തോടെയാണ് ഇന്ന് കോടതിയുടെ പടി കയറിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. 

നഷ്ടപ്പെട്ട അനിയത്തിയെ ഇനി തിരിച്ചു കിട്ടില്ല. എങ്കിലും അവളുടെ ഘാതകന് തൂക്കുകയര്‍ കിട്ടി. അവന്റെ ശവശരീരം കണ്ടാല്‍ മാത്രമേ ഞങ്ങള്‍ക്ക് സമാധാനം കിട്ടൂ... കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഈ ഘട്ടത്തില്‍ നന്ദി അറിയിക്കുകയാണ്. അവര്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ അനിയത്തിക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു.