കൊല്ലം: സാംസ്കാരിക പ്രമുഖനായ അച്ചാണി രവിയെ അവാര്‍ഡ് തുകയുടെ പേരില്‍ അപമാനിച്ച സംഭവത്തില്‍ പന്തളം സുനില്‍ ഫൗണ്ടേഷനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ധൈര്യമുണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഫൗണ്ടേഷനെ ഉണ്ണിത്താന്‍ വെല്ലുവിളിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. 

തേജോവധം ചെയ്യാന്‍ ശ്രമിച്ചതിന് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പന്തളം സുനില്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. കൊല്ലത്തെ സാംസ്കാരിക വ്യവസായ പ്രമുഖനായ അച്ചാണി രവിക്ക് 50000 രൂപ പുരസ്കാരം പ്രഖ്യാപിച്ച ശേഷം 10,000 രൂപ മാത്രമാണ് സംഘടാകരായ പന്തളം സുനില്‍ ഫൗണ്ടേഷന്‍ നല്‍കിയത്. 

ബാക്കി തുക മഹിള സദനത്തിന് നല്‍കിയെന്നായിരുന്നു ഫൗണ്ടേഷന്‍റെ വിശദീകരണം. എന്നാല്‍ പ്രഖ്യാപിച്ച തുക നല്‍കാതിരുന്നത് വിവാദമായപ്പോഴാണ് മഹിള സദനത്തിന് പണം നല്‍കിയതെന്ന് ഉണ്ണിത്താന്‍ ആരോപിക്കുന്നു. ശൂരനാട് രാജശേഖരന്‍ ഫൗണ്ടേഷന്‍റെ ചെയര്‍മാന്‍ സ്ഥാനം ഒഴിയണം, ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.