സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവര്‍ണറോടും സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു
ദില്ലി: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ത്രിപുരയില് ആരംഭിച്ച സംഘര്ഷം അവസാനിപ്പിക്കാന് നടപടികളെടുക്കണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ത്രിപുര ഗവര്ണറോടും സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെട്ടു.
ഇരുവരുമായും ചൊവ്വാഴ്ച്ച ടെലിഫോണില് സംസാരിച്ച രാജ്നാഥ് സിംഗ് സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ആരായുകയും പുതിയ സര്ക്കാര് അധികാരമേറ്റെടുക്കും വരെ സംസ്ഥാനത്ത് സമാധാനം സംരക്ഷിക്കണമെന്നും നിര്ദേശിച്ചു.
രാഷ്ട്രീയസംഘര്ഷങ്ങള് സംബന്ധിച്ച വിവരങ്ങളും സമാധാനം പുനസ്ഥാപിക്കാന് സ്വീകരിച്ച നടപടികളെക്കുറിച്ചും ഗവര്ണറും ഡിജിപിയും അഭ്യന്തരമന്ത്രിയോട് വിശദീകരിച്ചു. കാല് നൂറ്റാണ്ട് നീണ്ട ഭരണത്തിനൊടുവില് ഇത്തവണത്തെ തിരഞ്ഞെടുപ്പില് സിപിഎം പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്ഷങ്ങള് ആരംഭിച്ചത്. തങ്ങളുടെ ഓഫീസുകളും പ്രവര്ത്തകരും വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്നും അക്രമികള്ക്കെതിരെ കേസെടുക്കാന് പോലീസ് തയ്യാറാവുന്നില്ലെന്നും സിപിഎം ആരോപിക്കുന്പോള് അക്രമങ്ങളില് തങ്ങള്ക്ക് പങ്കില്ലെന്നാണ് ബിജെപി പറയുന്നത്.
