രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാൻ 121 പേരുടെ പിന്തുണ വേണമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിൻറെ സമവായ നീക്കം.

രാജ്യസഭാ ഉപാദ്ധ്യക്ഷനെ സമവായത്തിലൂടെ കണ്ടെത്താം എന്ന നിർദ്ദേശം മുന്നോട്ട് വച്ച് ബിജെപി. എൻഡിഎ സഖ്യകക്ഷികളിൽ പ്രതിപക്ഷത്തിന് സ്വീകാര്യതയുള്ള അംഗത്തെ ഉപാദ്ധ്യക്ഷനാക്കാം എന്നാണ് ബിജെപി നിർദ്ദേശം. അതേസമയം താൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ബിജെപി എതിർക്കില്ലായിരുന്നു എന്ന് കാലാവധി പൂർത്തിയാക്കിയ പിജെ കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രാജ്യസഭയിൽ എൻഡിഎയ്ക്ക് 105 അംഗങ്ങളേ ഉള്ളൂ. രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാൻ 121 പേരുടെ പിന്തുണ വേണമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിൻറെ സമവായ നീക്കം. ജെഡിയു. അകാലിദൾ എന്നീ സഖ്യകക്ഷികളിൽ ഒരംഗത്തിൻറെ പേര് നിർദ്ദേശിച്ചാൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാം എന്നാണ് സർക്കാർ നല്കുന്ന സന്ദേശം. 18നു തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിനു മുമ്പ് പ്രതിപക്ഷ നേതാക്കളെ മുതിർന്ന മന്ത്രിമാർ കാണും. ഇന്നലെ കാലാവധി പൂർത്തിയാക്കിയ പി ജെ കുര്യൻ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു നല്കിയ വിരുന്നിലും സമവായ നീക്കത്തിൻറെ സൂചനകൾ സർക്കാർ നല്കി. 

എന്നാൽ ബിജെപിയുടെയോ സഖ്യകക്ഷികളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ ഇടയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ബിജെപിയെ എതിർക്കുന്ന പ്രാദേശിക പാർട്ടികൾക്ക് സ്ഥാനം പോയാൽ സമവയാത്തിന് കോൺഗ്രസും തയ്യാറാകും. രാഷ്ട്രീയതീരുമാനമായില്ലെന്നാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം ഇടതു നേതാക്കളെ അറിയിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാന നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ട രാജ്യസഭയിൽ എന്തായാലും ശ്രദ്ധയോടെ കരുക്കൾ നീക്കുകയാണ് ഇരുപക്ഷവും.