റാക്കിറ്റിച്ചിന്‍റെ ബാഴ്സയിലെ സഹതാരമായിരുന്നു ഇനിയേസ്റ്റ

മോസ്കോ: വമ്പന്മാര്‍ പലരും നേരത്തേ വീട് പിടിച്ച ലോകകപ്പില്‍ അസാമാന്യ പ്രകടനവുമായി ക്വാര്‍ട്ടര്‍ വരെ കുതിച്ചെത്തിയിരിക്കുകയാണ് ക്രൊയേഷ്യ. അര്‍ജന്‍റീന ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി മുന്നേറി ലൂക്ക മോഡ്രിച്ചും കൂട്ടരും ഡെന്‍മാര്‍ക്കിനെയും പരാജയപ്പെടുത്തി അവസാന എട്ടിലെത്തി. മധ്യനിരയാണ് ക്രെയേഷ്യയുടെ കരുത്ത്.

മോഡ്രിച്ചിനൊപ്പം ഇവാന്‍ റാക്കിറ്റിച്ചും അണിനിരക്കുമ്പോള്‍ മിഡ്ഫീല്‍ഡ് ലോകോത്തര നിലവാരത്തിലേക്കെത്തുന്നു. ഇപ്പോള്‍ ലോകപ്പില്‍ തന്നെ ഏറ്റവും ഞെട്ടിച്ച കാര്യമെന്താണെന്ന് വ്യക്തമാക്കുകയാണ് റാക്കിറ്റിച്ച്. പ്രീക്വാര്‍ട്ടറില്‍ റഷ്യക്കെതിരെ ബാഴ്സയില്‍ തന്‍റെ സഹതാരം കൂടിയായിരുന്ന ആന്ദ്രേ ഇനിയേസ്റ്റയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് തന്നെ സ്തബ്ധനാക്കിയെന്നാണ് റാക്കിറ്റിച്ച് പറയുന്നത്.

അവസാന രാജ്യാന്തര മത്സരത്തില്‍ ഇനിയേസ്റ്റ പകരക്കരാനായി ഇറങ്ങിയത് തന്നെ ഞെട്ടിച്ചു. ലോകം കണ്ട മികച്ച താരങ്ങളില്‍ ഒരാള്‍, അതും ആ പൊസിഷനില്‍ ഇപ്പോഴും മികച്ച താരമായി നില്‍ക്കുന്ന ഒരാള്‍ ബെഞ്ചിലിരിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

റഷ്യക്കെതിരെയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ 67-ാം മിനിറ്റിലാണ് ഇനിയേസ്റ്റ കളത്തിലിറങ്ങിയത്. അതിന് ശേഷമാണ് ഗോള്‍ നേടാന്‍ സാധിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ സ്പെയിന്‍ നടത്തി തുടങ്ങിയത്. പക്ഷേ നിശ്ചിത സമയത്ത് സമനില പാലിച്ച കളിയില്‍ ഷൂട്ടൗട്ട് നടന്നപ്പോള്‍ ആതിഥേയരായ റഷ്യ വിജയം നേടിയെടുത്തു.