2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു. മോദി ബ്രാന്‍ഡ് അംബാസഡര്‍ അല്ല

ദില്ലി: അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേസ് ജനുവരിയില്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിയുടെ പ്രധാന പരിഗണന വിഷയമാണ് അയോദ്ധ്യയിലെ ക്ഷേത്ര നിര്‍മ്മാണം എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഭരണഘടനപരമായി തന്നെ രാമക്ഷേത്രവിഷയത്തില്‍ പരിഹാരം കാണുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു. മോദി ബ്രാന്‍ഡ് അംബാസഡര്‍ അല്ല. അദ്ദേഹം ജനഹൃദയങ്ങളില്‍ വസിക്കുന്ന ജനകീയ നേതാവാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും മോദി സര്‍ക്കാര്‍ വീണ്ടുമെത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറയുന്നു. 

തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിലെ വിജയം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെയും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയും കൂട്ടായ പ്രവര്‍ത്തനമായിരിക്കും. 2019ല്‍ പശ്ചിമ ബംഗാളില്‍ 23ല്‍ ഏറെ സീറ്റുകളില്‍ വിജയിക്കും. 

ഇന്ധനത്തിന്റെയും ഡോളറിന്റെയും വില ക്രമേണ താഴും. റിസര്‍വ് ബാങ്ക് മേധാവികളെ മൂന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകളും മാറ്റിയിട്ടുണ്ട്. മോഡി സര്‍ക്കാരും റിസര്‍വ് ബാങ്കുമായി ഒരു പ്രശ്‌നവുമില്ല. 

കശ്മീരില്‍ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയെ ന്യായീകരിച്ച് അമിത് ഷാ പ്രതികരിച്ചു.