ഇന്നലെ രാമ മോഹനറാവുവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെടുത്തിരുന്നു. തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ പരിശോധനയിലും നിരവധി രേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വന്‍തോതില്‍കള്ളപ്പണവും സ്വര്‍ണവും സൂക്ഷിച്ചതിന് നേരത്തെ, സിബിഐ അറസ്റ്റ് ചെയ്ത റെഡ്ഡി സഹോദരന്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ വീട്ടിലും റെയ്ഡ് നടത്തിയത്. കണ്ടെടുത്ത 30 ലക്ഷം രൂപയുടെ പുതിയ കറന്‍സികളില്‍ 24 ലക്ഷവും സൂക്ഷിച്ചിരുന്നത് ആന്ധ്രയിലെ ചിറ്റൂരിലുള്ള റാവുവിന്റെ മകന്‍ വിവേകിന്റെ ഭാര്യവീട്ടിലാണ്. 11 ഇടങ്ങളിലായി നടന്ന റെയ്ഡില്‍ അഞ്ച് കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. 

ചീഫ് സെക്രട്ടറിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസിന് പുറമേ സിആര്‍പിഎഫിന്റെ കനത്ത കാവലില്‍ നടന്ന റെയ്ഡുകള്‍ ഇനിയും തുടരുമെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ മാറ്റിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്.