റമദാനെ വരവേൽക്കാന്‍ ഒരുങ്ങി സൗദി

റമദാനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് സൗദി . നാളെ മാസപ്പിറവി കണ്ടാല്‍ ബുധനാഴ്ച റംസാന്‍. പുണ്യമാസത്തെ വരവേൽക്കാൻ വീടും പരിസരവും പള്ളികളും ഒരുക്കണം. അലങ്കാരപ്പണികൾ തീർക്കണം. റമദാൻ വിഭവങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങണം. ഇതിനുള്ള തിരക്കിലാണ് വിശ്വാസികൾ. ചില വ്യാപാര കേന്ദ്രങ്ങളോടനുബന്ധിച്ചു പ്രത്യേക റമദാന്‍ ടെന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഷോപ്പിംഗ്‌ സെന്ററുകളിലും റോഡുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സൗദിയെ സംബന്ധിച്ചിടത്തോളം റമദാനെ വരവേൽക്കുന്നവരില്‍ ദേശ-ഭാഷ-മത വ്യത്യാസമില്ല എന്ന പ്രത്യേകതയുമുണ്ട്.

നോമ്പുതുറ വിഭവങ്ങൾക്കും അത്താഴത്തിനും ആവശ്യമായ സാധനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. റമദാൻ വിഭവങ്ങൾക്കും വസ്‌ത്രങ്ങൾക്കും വിപണിയിൽ നല്ല വിലക്കിഴിവുകൾ ലഭ്യമാണ്. അതേസമയം ഇഫ്താർ സംഗമങ്ങൾക്കായി പല മലയാളീ സംഘടനകളും കൂട്ടായ്മകളും ഒരുങ്ങിക്കഴിഞ്ഞു. റസ്റ്റോറന്റുകൾ പലതും ഇഫ്താർ പാർട്ടികൾക്കായി ഇതിനകം ബുക്ക്‌‌ ചെയ്തു.