തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നാളെ തുടങ്ങുന്ന പടയൊരുക്കം യാത്രയില്‍ നിന്നും കളങ്കിതരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തീരുമാനം. വേദി പങ്കിടലിലും പണപ്പിരിവിലും അടക്കം ജാഗ്രത കാണിക്കണമെന്ന സര്‍ക്കുലര്‍ കെപിസിസി കീഴ് ഘടകങ്ങള്‍ക്ക് കൈമാറി. കൊടുവള്ളിയില്‍ കൂപ്പറിലുള്ള കോടിയേരിയുടെ ജനജാഗ്രതാ യാത്ര വന്‍വിവാദമായതോടെയാണ് കെപിസിസി കൂടുതല്‍ മുന്‍കരുതലെടുക്കുന്നത്.
കളങ്കിതരയെും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും പടയൊരുക്കത്തില്‍ അടുപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. ജാഥാ ക്യാപറ്റന്‍ രമേശ് ചെന്നിത്തലയെ ഹാരാര്‍പ്പണം ചെയ്യുന്നവരില്‍ കളങ്കിതര്‍ പാടില്ല, വേദിയിലും ഇത്തരക്കാര്‍ ഉണ്ടാകരുത്. വേദി പങ്കിടേണ്ടവരുടേയും ഹാരാര്‍പ്പണം ചെയ്യുന്നവരുടേയും പട്ടികര മുന്‍കൂട്ടി തയ്യാറാക്കണം. ക്രിമിനല്‍ കേസ് പ്രതികളില്‍ നിന്നും കളങ്കിതരില്‍ നിന്നും പണപ്പിരിവ് പാടില്ലെന്നും കെപിസിസി സര്‍ക്കുലറില്‍ പറയുന്നും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യാത്രയില്‍ പരമാവധി ദേശീയനേതാക്കളെ അണിനിരത്തും. നാളെ വൈകീട്ട് കാസര്‍ക്കോട് കുമ്പളയില്‍ എ.കെ. ആന്റണി ജാഥയ്ക്ക് തുടക്കം കുറിക്കും.
ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപനസമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയെത്തും. യാത്രക്കിടെ കോഴിക്കോട്ടെ റാലിയില്‍ ഗുലാംനബി ആസാദും കൊച്ചിയില്‍ മന്‍മോഹന്‍സിംഗും പങ്കെടുക്കും. സോളാര്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനായി നിയമസഭ ചേരുന്ന ഒന്‍പതിന് യാത്രക്ക് അവധിയാണ്. ഒന്‍പതിന് ശേഷം പടയൊരുക്കം സോളാര്‍ പ്രതിരോധത്തിലേക്ക് മാറേണ്ടിവരുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
