Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം: തന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് ചെന്നിത്തല

സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Ramesh Chennithala's response on Oommen Chandi's candidature in loksabha election
Author
Thiruvananthapuram, First Published Jan 24, 2019, 2:37 PM IST

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതാണ് ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി മത്സരിക്കണമെന്നും ഏത് സീറ്റ് വേണമെന്ന് അദ്ദേഹം തീരുമാനിച്ചാൽ മതി എന്നുമായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിനിടെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് സ്ഥാനാർത്ഥിത്വത്തിനുള്ള സന്നദ്ധത ഉമ്മൻചാണ്ടി  അറിയിക്കുകയും ചെയ്തു. ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിന്‍റെ രാഷ്ട്രീയ പ്രചാരണ യാത്രയായ കേരളയാത്ര കാസർകോട് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം കൊല്ലത്തെ എൻ കെ പ്രേമചന്ദ്രന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം യുഡിഎഫ് അറിഞ്ഞുകൊണ്ടാണെന്ന് ചെന്നിത്തല സ്ഥിരീകരിച്ചു. താൻ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Follow Us:
Download App:
  • android
  • ios