വനിതാ മതില്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല മതിലിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

തിരുവനന്തപുരം: വനിതാ മതിലില്‍ ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി ഉത്തരവ് പുറത്തു വന്നതോടെ ഫണ്ടിലെ കള്ളത്തരം പുറത്തുവന്നു. മതിൽ എന്തിനു വേണ്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വനിതാ മതിലിനെ ശക്തമായി എതിര്‍ക്കുമെന്നും ചെന്നിത്തല. 

വനിതാ മതില്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല മതിലിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും എന്നാൽ ബജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നു അറിയിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 

വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് രമേശ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നു. യോഗങ്ങൾ ചേരുന്നതിനും, വെബ്സൈറ്റിനും സർക്കാരാണ് പണം ചെലവാക്കുന്നത്. പ്രളയദുരിതാശ്വാസം നിശ്ചലാവസ്ഥയിലാണ്. വനിതാ മതിലിനേക്കാൾ സർക്കാർ മുൻഗണന നൽകേണ്ടത് പ്രളയദുരിതാശ്വാസത്തിനാണ്. മൊബൈൽ ആപ്പിലൂടെ നഷ്ടക്കണക്കെടുത്തതിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പകരം വിദഗ്ധരാണ് ഇത് ചെയ്യേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു. 

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നും വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് വിവാദമായതോടെ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.