Asianet News MalayalamAsianet News Malayalam

രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ramnath kovind to sworn in as new president of india tomorrow
Author
First Published Jul 24, 2017, 6:02 PM IST

ദില്ലി: പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് നാളെ സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് വൈകീട്ട് ഏഴരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സമാധിസ്ഥാലമായ രാജ്ഘട്ടില്‍ രാംനാഥ് കോവിന്ദ് രാവിലെ പുഷ്പാര്‍ച്ചന നടത്തും. രാംനാഥ് കോവിന്ദ് ഇപ്പോള്‍ താമസിക്കുന്ന അക്ബര്‍ റോഡിലെ മന്ത്രി മഹേഷ് ശര്‍മ്മയുടെ വീട്ടില്‍ രാഷ്ട്രപതിയുടെ സൈനിക സെക്രട്ടറി എത്തും. അവിടെ നിന്ന് രാഷ്ട്പതി ഭവനിലെത്തുന്ന രാംനാഥ് കോവിന്ദിനെ പ്രണബ് മുഖര്‍ജി സ്വീകരിക്കും. രണ്ടുപേരും ചേര്‍ന്ന് പാര്‍ലമെന്റിലേക്ക് പോകും. കുതിപ്പട്ടാളത്തിന്റെ അകമ്പടിയോടെ പാര്‍ലമെന്റിലെത്തുന്ന നിയുക്ത രാഷ്ട്രപതിയെ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്റേയും രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടേയും നേതൃത്വത്തില്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 12.15ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് ശേഷം പ്രണബ് മുഖര്‍ജി ഇരിപ്പിടം രാംനാഥ് കോവിന്ദിന് നല്‍കും. പാര്‍ലമെന്റില്‍ നിന്ന് ഇരുവരും ഒരുമിച്ച് രാഷ്ട്രപതിഭവനിലേക്ക് മടങ്ങും. സായുധസേനകള്‍ സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിക്ക് യാത്രയയപ്പ് നല്‍കും. പ്രണബ് മുഖര്‍ജിക്കൊപ്പം രാം നാഥ് കോവിന്ദ് 10 രാജാജി മാര്‍ഗിലെ പ്രണബിന്റെ പുതിയ വസതിയില്‍ എത്തി ആശംസ നേര്‍ന്ന ശേഷം രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലേക്ക് മടങ്ങും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം സ്ഥാനമൊഴിഞ്ഞ ശേഷം മരണം വരെ താമസിച്ച വീട്ടിലാണ് പ്രണബ് മുഖര്‍ജിയുടേയും വിശ്രമ ജീവിതം.

Follow Us:
Download App:
  • android
  • ios