ലക്നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലുള്ള സ്വാമി സച്ചിദാനന്ദിനും കൂട്ടാളികള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നാല് യുവതികള്‍ രംഗത്തെത്തി. ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും സ്വാമിയും മറ്റ് രണ്ട് പേരും ചേര്‍ന്നായിരുന്നു പീഡിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പല സ്ഥലങ്ങളിലുള്ള ആശ്രമങ്ങളില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

2008ല്‍ തനിക്ക് 12 വയസുള്ളപ്പോഴാണ് ഛത്തീസ്ഗഡില്‍ നിന്നാണ് ഇവിടെ എത്തിയതെന്ന് ഒരു യുവതി പറഞ്ഞു. ബാബമാര്‍ പറയുന്നത് ചെയ്യാന്‍ മടിച്ചാല്‍ സച്ചിദാനന്ദന്‍ ഉള്‍പ്പെടെ മൂന്ന് സ്വാമിമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആ പ്രായത്തില്‍ അറിയില്ലായിരുന്നു. ആശ്രമത്തിലെ സ്വാമിനിമാരാണ് പീഡിപ്പിക്കാനുള്ള സഹായങ്ങള്‍ ചെയ്തിരുന്നതെന്നും ഇവര്‍ പറഞ്ഞു. പല സ്ഥലങ്ങളില്‍ നിന്ന് ആശ്രമത്തിലെത്തുന്ന പെണ്‍കുട്ടികളെ സ്വാമിമാര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയാണ് പതിവ്. പുറത്തുനിന്നുള്ളവര്‍ക്ക് ആശ്രമത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തത് മുതലാക്കിയാണ് പീഡനം. ആരോപണമുന്നയിച്ച സ്‌ത്രീകളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് ബസ്തി പൊലീസ് സൂപ്രണ്ട് എസ്.പി സങ്കല്‍പ് ശര്‍മ്മ പറഞ്ഞു.

പൊലീസ് കേസെടുത്തതോടെ ആരോപണ വിധേയരായ സ്വാമിമാര്‍ ഒളിവിലാണ്. എന്നാല്‍ നേരത്തെ ആശ്രമത്തില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുകയാണ് സ്‌ത്രീകളെന്നാണ് സച്ചിദാനന്ദന്റെ അനുയായികള്‍ ആരോപിക്കുന്നത്.