വിദേശവനിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ കോടതിയിൽ കീഴടങ്ങി. വൈക്കം കോടതിയിൽ കീഴടങ്ങിയ ഫാദർ തോമസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കല്ലറ പെരുന്തുരത്ത് സെന്റ് മാത്യൂസ് പള്ളിയിലെ വൈദികനായിരുന്ന ഫാദർ തോമസ് താന്നിനിൽക്കും തടത്തിലിനെതിരെയാണ് ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് യുവതി പരാതി നൽകിയത്. പാരതി നൽകിയെന്നറിഞ്ഞപ്പോൾ മുങ്ങിയ വൈദികൻ ഇന്ന് ഉച്ചക്കാണ് വൈക്കം മജിസ്ട്രേട്ട് കോടതിയിൽ ഹാജരായത്.
താൻ നിരപരാധിയാണെന്നും പണം തട്ടിയെടുക്കാനാണ് വിദേശവനിത ശ്രമിക്കുന്നതെന്നും വൈദികൻ ഒളിവിലിരുന്ന് പൊലീസ് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഫെയിസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതി ജനുവതി ഏഴിനാണ് കടുത്തുരുത്തിയിൽ എത്തിയത്. പ്രണയം നടിച്ച് വൈദികൻ തന്നെ പീഡിപ്പിച്ചുവെന്നും ആഭരണങ്ങൾ തട്ടിയെടുത്തുവെന്നുമാണ് യുവതിയുടെ പരാതി. യുവതിയും ഭർത്താവും കൂടി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് വൈദികന്റെ ആരോപണം. വിദേശവനിത ഇപ്പോൾ കുടത്തുരുത്തിയിലുള്ള മഹിളാമന്ദിരത്തിലാണ്. റിമാൻഡിലായ വൈദികനെ ജില്ലാ ജയിലിലേക്ക് മാറ്റി. അടുത്ത ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയെ തുടർന്ന് വൈദികവൃത്തിയിൽ നിന്നും ഫാ തോമസിനെ പാലാ രൂപതാ മാറ്റിയിരുന്നു.
