16കാരിയെ കർണാടകയിൽ എത്തിച്ച് പീ‍ഡിപ്പിക്കാൻ ശ്രമം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

​പെരുമ്പാവൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണാടകയിൽ എത്തിച്ച് പീ‍ഡിപ്പിക്കാൻ ശ്രമിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ. ആലുവ സ്വദേശി അൻഷാദാണ് കോടനാട് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായ അൻഷാദ് ആണ് പിടിയിലായത്. പെരുമ്പാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയായ 16കാരിയുമായി ഇയാൾ ഒരു വർഷത്തോളമായി അടുപ്പത്തിലായിരുന്നു.

മാനസിക രോഗിയായ സഹോദരനും അമ്മയുമാണ് പെൺകുട്ടിയ്ക്ക് ഉള്ളത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തിങ്കളാഴ്ചയാണ് ഇയാൾ കുട്ടിയെ കർണാടകത്തിലേക്ക് കൊണ്ടു പോയത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകി. ഇവർ ക‍ർണാടകയിൽ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ അവിടെ നിന്ന് കണ്ടെത്തി. നാട്ടിലെത്തിയ പെൺകുട്ടി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം അമ്മയെ അറിയിക്കുകയായിരുന്നു. സമാനമായ മറ്റൊരു കേസും പ്രതിക്കെതിരെ നിലവിലുണ്ട്.ഇയാളെ റിമാൻഡ് ചെയ്തു