12 വയസുകാരിയോട് ലൈംഗിക അതിക്രമം പിടിയിലായത് കിഴക്കുംമുറി സ്വദേശി വിജയന്‍

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച അറുപതുകാരന്‍ അറസ്റ്റിലായി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ, രണ്ടാഴ്ചക്ക് ശേഷം പെണ്‍കുട്ടി കാണുകയും മാതാപിതാക്കള്‍ വഴി പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയന്‍ മാധവനാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 15നായിരുന്നു കേസിന് ആസ്പദമായ സംഭവം. 

തിരുവല്ല ഗോവിന്ദന്‍കുളങ്ങര ക്ഷേത്രത്തിലെത്തിയതായിരുന്നു പന്ത്രണ്ടുകാരിയായ പെണ്‍കുട്ടി. ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വിജയന്‍ കയറിപ്പിടിക്കുകയും അശ്ലീല വാക്കുകള്‍ പറയുകയും ചെയ്തു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അടുത്ത വീട്ടിലേക്ക് കയറിയതോടെ വിജയന്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് കാറിനുള്ളില്‍ വിജയന്‍ ഇരിക്കുന്നത് കണ്ട പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. 

ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടില്‍നിന്ന് അമ്മ ഉടനെത്തി. ലൈംഗികാതിക്രമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയന്‍ നിഷേധിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതോടെയാണ് രക്ഷിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് 7 മണിയോടെ വിജയനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.