അടിമാലി: പതിമൂന്നുകാരിയെ പീഡപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. അടിമാലി ഇരുമ്പുപാലം സ്വദേശി ശശിയെയാണ് തൊടുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 

2013 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വാളറയിലെ വീട്ടില്‍ ഉറങ്ങിയിരുന്ന പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പീഡിപ്പിച്ചത്. രണ്ടുകാലും തളര്‍ന്ന വല്യമ്മയല്ലാതെ മറ്റാരും അന്ന് വീട്ടില്‍ ഇല്ലായിരുന്നു.. കുട്ടിയുടെ കരച്ചില്‍ കേട്ട് കുട്ടിയുടെ വല്യമ്മ ഉണര്‍ന്നപ്പോള്‍ അവരെ ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു.. പെണ്‍കുട്ടിയുടെ ചിററമ്മയുടെ രണ്ടാം ഭര്‍ത്താവാണ് പ്രതി.

ഒളിവില്‍ പോയ പ്രതിയെ അടുത്ത ദിവസം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. അച്ഛനും അമ്മയും ഇല്ലാത്തതിനാല്‍ സംഭവത്തിന് ശേഷം പെണ്‍കുട്ടി നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്.