പോക്സോ ഇരയായ ആദിവാസി പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നിഷേധിച്ചു
പോക്സോ കേസിലെ ഇരയായ ആദിവാസി പെണ്കുട്ടിക്ക് വൈദ്യപരിശോധന നിഷേധിച്ച് ആശുപത്രി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഉച്ച മുതല് രാത്രി വരെ വൈദ്യപരിശോധനയ്ക്കായി പെണ്കുട്ടിയെയും കൊണ്ട് പൊലീസ് കാത്തിരുന്നത് . മന്ത്രി എ കെ ബാലന്റെ പേഴസണല് സ്റ്റാഫംഗത്തിന്റെ ഭാര്യായ ഡോക്ടര് ശ്രീജയ്ക്കെതിരെയാണ് പരാതി. സംഭവം വാര്ത്തയായതിന് ശേഷം ആണ് കുട്ടിയെ പരിശോധിക്കാന് ഡോക്ടര് തയ്യാറായത്.
പതിനാറ്കാരിയായ ആദിവാസി പെണ്കുട്ടിയെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊലീസ് സംഘം വൈദ്യപരിശോധനയ്ക്കായി പാല്കകാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചത്. ഡോക്ടര് വരാനായി കാത്തിരിക്കാനായിരുന്നു ആശുപത്രിയില് നിന്നും പൊലീസിന് കിട്ടിയ നിര്ദേശം. തുടര്ന്ന് മണിക്കൂറുകള് കാത്തിരുന്ന് രാത്രി ഏഴരയോടെ ഡോക്ടര് എത്തിയെങ്കിലും കുട്ടിയെ പരിശോധിക്കാന് തയ്യാറായില്ല. അഡ്മിറ്റ് ചെയ്ത് അടുത്ത ദിവസം പരിശോധിച്ച് റിപ്പോര്ട്ട് നല്കാമെന്നായിരുന്നു ഡോകടര് ശ്രീജ പറഞ്ഞതെന്ന് വടക്കഞ്ചേരി സിഐ അറിയിക്കുന്നു. ഡോക്ടറുടെ നടപടി വിവാദം ആയതോടെ പൊതുപ്രവര്ത്തകരടക്കം ഇടപെട്ടു. മന്ത്രി എ കെ ബാലന്റെ പേഴസണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യയായ ഡോക്ടര് ശ്രീജ മുന്പും ഇത്തരത്തില് വൈദ്യപരിശോധന നടത്താതിരുന്നിട്ടുണ്ടെന്നാണ് ആരോപണം.
എന്നാല് ഡോക്ടര് ശസ്ത്രക്രിയ ഡ്യൂട്ടിയില് ആയതിനാലാണ് വൈദ്യപരിശോധന വൈകിയതെന്നായിരുന്നു സത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പിന്നീട് രാത്രി ഒമ്പതരയോടെ സംഭവം വാര്ത്തയായതോടെയാണ് ഡോക്ടര് തന്നെ കുട്ടിയെ പരിശോധിച്ച് റിപ്പോര്ട്ട് നല്കിയത്.
