രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെക്ക് എടുത്ത് ഉര്‍ത്തിക്കൊണ്ട് പെണ്‍കുട്ടിയുടെ അമ്മ, അത് തിരിച്ചുനല്‍കുമെന്ന് പറഞ്ഞു 

ഗുരുഗ്രാം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വേണ്ടെന്ന് ഹരിയാനയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം. പണമല്ല നീതിയാണ് വേണ്ടതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. 

രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചെക്ക് എടുത്ത് ഉര്‍ത്തിക്കൊണ്ട് പെണ്‍കുട്ടിയുടെ അമ്മ, അത് തിരിച്ചുനല്‍കുമെന്ന് പറഞ്ഞു. 'എന്റെ മകളുടെ മാനത്തിന്റെ വിലയാണോ ഇത്?, ഞങ്ങള്‍ക്ക് പണമല്ല വേണ്ടത്, നീതിയാണ്' - അവര്‍ പറഞ്ഞു. 

സിബിഎസ് സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ സൈനികന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി തന്നെ പ്രതികളുടെ വിവരങ്ങള്‍ പൊലീസിന് നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഗ്രാമത്തില്‍ തന്നെയുണ്ടായിരുന്ന പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു. പൊലീസിന്റെ ഈ അനാസ്ഥയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്നും ഇവര്‍ പറയുന്നു. 

കേസിലെ ഒന്നാംപ്രതിയായ സൈനികന്‍ പങ്കജിനെ സൈന്യത്തില്‍ ചേരാന്‍ പരിശീലനം നല്‍കിയത് പെണ്‍കുട്ടിയുടെ അച്ഛനായിരുന്നുവെന്നും രാജസ്ഥാനില്‍ ജോലി ചെയ്യുന്ന പങ്കജ് അവധിക്ക് നാട്ടിലെത്തിയതായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. 

ഇതിനിടെ സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ സൈനികന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പൊലീസ് അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയെ താമസിപ്പിച്ച കെട്ടിടത്തിന്റെ ഉടമസ്ഥനെയും, അവിടെ പെണ്‍കുട്ടിയെ പരിശോധിക്കാനെത്തിയ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.