രക്തവും ജലവും ഒന്നിച്ചൊഴുകില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് പാകിസ്ഥാനെ പ്രകോപിപ്പിച്ചിരിക്കുന്നു. ഒരു യുദ്ധത്തിന്‍റെ മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത് വന്നു. ഇന്ത്യ കരാറിൽ നിന്ന് പിന്നോട്ടു പോയാൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും കാര്യങ്ങൾ ഒരു യുദ്ധത്തിലേക്ക് വരെ എത്താമെന്നും വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പാകിസ്ഥാൻ പാർലമെന്‍റിലെ പ്രസംഗത്തിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലും ഇന്ത്യാ പാക് പോരാട്ടം തുടരുകയാണ്. തെക്കനേഷ്യൻ മേഖലയിലാകെ അപകടം വിതയ്ക്കുന്ന ഭീകര രാഷ്ട്രമായി പാകിസ്ഥാൻ മാറിയെന്ന് ഇന്ത്യ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിലിൽ ആരോപിച്ചു. ഇന്നലെ സുഷമ സ്വരാജ് നടത്തിയ പ്രസംഗം അസത്യങ്ങളുടെ ഘോഷയാത്രയായിരുന്നു എന്നാണ് ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ പ്രതിനിധി മലീഹ ലോധി കുറ്റപ്പെടുത്തിയത്. തീർത്തും നിശ്ചല രാജ്യമായി മാറിയ പാകിസ്ഥാൻ ഭീകരവാദികൾക്ക് എങ്ങനെ സുരക്ഷിത താവളമാകുന്നു എന്നാണവർ വിശദീകരിക്കേണ്ടതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
വാണിജ്യ രംഗത്തും പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കങ്ങൾക്ക് നരേന്ദ്രമോദി തയ്യാറെടുക്കുകയാണ്. വാണിജ്യരംഗത്ത് അതിസൗഹൃദ രാജ്യങ്ങൾക്ക് മാത്രം നല്കുന്നു എംഎഫ്എൻ പരിഗണന എടുത്തു കളയാനാണ് നീക്കം. ഇതിനായി വിദേശകാര്യ വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പ്രധാനമന്ത്രി വ്യാഴാഴ്ച വിളിച്ചു.
പരസ്പര വിശ്വാസം കൂട്ടാനുള്ള ഓരോ നടപടിയായി ഇന്ത്യ പിൻവലിക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ എന്തായാലും ചർച്ചയുടെ വഴികളെല്ലാം അടയുകയാണ്.
