കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി

First Published 21, Mar 2018, 3:05 PM IST
Ravi Shankar Prasad claims Congress has links to data firm Cambridge Analytica
Highlights

2010ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇന്ത്യയിലെ ഒരു പാര്‍ട്ടിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേബ്രിഡ്ജ് അനലിറ്റിക്ക വെബ്‌സൈറ്റില്‍ സൂചിപ്പിച്ചത്.

ദില്ലി: അഞ്ചുകോടി ആളുകളുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്ക് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് ബിജെപി. എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്ക് കൈമാറിയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

2010ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇന്ത്യയിലെ ഒരു പാര്‍ട്ടിക്ക് വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേബ്രിഡ്ജ് അനലിറ്റിക്ക വെബ്‌സൈറ്റില്‍ സൂചിപ്പിച്ചത്. ഇത് കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേംബ്രിഡ്ജ് അനലിറ്റിക്കുള്ള പങ്ക് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ ഫേസ്‌ബുക്കിനെതിരെ നിയമനടപടിയെടുക്കുമെന്നും രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. കേംബ്രിഡ്ജിന്റെ ആരോപണത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വൈലി നല്‍കിയ വിവരങ്ങളുടെ സഹായത്തോടെയാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് വിജയിച്ചതെന്നാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഡിലീറ്റ് ഫേസ്‌ബുക്ക് എന്ന ഹാഷ് ടാഗിലൂടെ വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ ഫേസ്‌ബുക്ക് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

 

 

loader