പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ മൂര്‍ച്ച കുറയ്ക്കാതെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ദില്ലി: റഫാൽ ആരോപണത്തിന് പിന്നിൽ രാജ്യാന്തര ഗൂഡാലോചനയെന്ന് ബി.ജെ.പി വാദിക്കുമ്പോഴും പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ മൂര്‍ച്ച കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറയ്ക്കുന്നില്ല. മുന്‍ ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ തുടക്കം മാത്രമെന്നാണ് രാഹുലിന്‍റെ പക്ഷം. രണ്ടു മൂന്നു മാസത്തിനുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് രാഹുല്‍ വ്യക്തമാക്കി.

അതേസമയം മോദി കാവല്‍ക്കാരനല്ല, കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ് രംഗത്തെത്തി. അഴിമതിയിൽ മുങ്ങിയത് ഗാന്ധി കുടുംബമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആയുധ വ്യാപാരിയെ റഫാലിൽ പങ്കാളിയാക്കാൻ റോബര്‍ട്ട് വധ്ര ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു. രാഹുലിന്‍റെ കള്ളൻ പ്രയോഗത്തിനെതിരെ അമേതിയിൽ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.