ദില്ലി: അസാധുനോട്ടുകള്‍ മാറുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും സഹകരണബാങ്കുകള്‍ക്ക് എര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇളവ് നല്‍കിയേക്കും. ഇക്കാര്യമാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ സംയുക്തമായി പാര്‍ലമെന്റ വളപ്പില്‍ ധര്‍ണ്ണ നടത്തി. സഹകരണപ്രസ്ഥാനത്തിന് വേണ്ടി ദില്ലിയില്‍ യോജിച്ച സമരം നടത്തുമെന്ന് എ കെ ആന്റണി ആവര്‍ത്തിച്ചു.

ഗുജറാത്തിലുള്‍പ്പടെ രാജ്യവ്യാപകമായി സഹകരണബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ധനമന്ത്രി അരുണ്‍ ജെയ്റ്റിലുമായി കൂടിക്കാഴ്ച നടത്തിയത്. ധനകാര്യവിഭാഗം സെക്രട്ടറി ശക്തികാന്ത് ദാസും പങ്കെടുത്ത ചര്‍ച്ചയില്‍ നബാര്‍ഡിനെ ഉള്‍പ്പെടുത്തി സഹകരണബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. പ്രശ്‌നത്തിന് അടിയന്തരപരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണനടത്തി. യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവര്‍ത്തിക്കുമ്പോഴും ദില്ലിയില്‍ യോജിച്ച് തന്നെ മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി വ്യക്തമാക്കി.